Home കേരളം ‘സ്വപ്‌നയ്ക്കും റമീസിനും സംസാരിക്കാന്‍ വഴിയൊരുക്കിയത് മന്ത്രി മൊയ്തീന്‍’; മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കാനെന്ന് അനില്‍ അക്കര

‘സ്വപ്‌നയ്ക്കും റമീസിനും സംസാരിക്കാന്‍ വഴിയൊരുക്കിയത് മന്ത്രി മൊയ്തീന്‍’; മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കാനെന്ന് അനില്‍ അക്കര

by etodaymalayalam

സ്വര്‍ണ്ണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷിനും കെ ടി റമീസിനും സംസാരിക്കാന്‍ ആശുപത്രിയില്‍ സാഹചര്യമൊരുക്കിയെന്ന് അനില്‍ അക്കര എംഎല്‍എ. സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീന്‍ നേരിട്ടെത്തിയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചു. സ്വപ്നയെയും റമീസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. പരസ്പരം ആശയവിനിമയത്തിന് വഴിയൊരുക്കി ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യം ഒഴിവാക്കാനുള്ള നീക്കമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മന്ത്രിയുടെ നീക്കം. മന്ത്രിയെ എസി മൊയ്തീനെ ഉടന്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍ കൊണ്ടുവരണം. എസി മൊയ്തീന്റെ ആശുപത്രി സന്ദര്‍ശനം നിഗൂഢമാണെന്നും വടക്കാഞ്ചേരി എംഎല്‍എ പറഞ്ഞു.

ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ട്. മെഡിക്കല്‍ കോളേജ് വാര്‍ഡുകളില്‍ സുരക്ഷ വര്‍ധിപ്പിക്കണം. മന്ത്രിയും കളക്ടറും പ്രോട്ടൊക്കോള്‍ ലംഘിച്ചാണ് മെഡിക്കല്‍ കോളേജില്‍ പരിപാടി സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെ പരിപാടി രഹസ്യമാക്കി നടത്തിയത് എന്തിനാണെന്നും അനില്‍ അക്കര എംഎല്‍എ ചോദിച്ചു.

സ്വര്‍ണകടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും കെടി റമീസും ഒരുമിച്ച് ചികിത്സ നേടിയ സംഭവത്തില്‍ ജയില്‍ മേധാവി വിയ്യൂര്‍ ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. വിദഗ്ധ പരിശോധന ഫലങ്ങള്‍ പരിശോധിച്ച ബോര്‍ഡ് ഇരുവര്‍ക്കും നിലവില്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് കണ്ടെത്തി. നാളെ കൂടുതല്‍ പരിശോധനകള്‍ നടത്തും. സ്വപ്ന സുരേഷിന് ആന്‍ജിയോഗ്രാമും കെടി റമീസിന് എന്‍ഡോസ്‌കോപ്പിയും നടത്താനാണ് തീരുമാനം. ഇതിനിടെ, സ്വപ്‌നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമായി. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. മുഴുവന്‍ ജീവനക്കാരുടെയും പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെയും വയറു വേദനയെ തുടര്‍ന്ന് റമീസിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: