Home ഇന്ത്യകുറ്റകൃത്യം സുശാന്ത് കേസ്: റിയയ്ക്കു സമൺസ്; സാവന്ത് അറസ്റ്റിൽ

സുശാന്ത് കേസ്: റിയയ്ക്കു സമൺസ്; സാവന്ത് അറസ്റ്റിൽ

by Web Desk

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുട്ടിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരി മരുന്നു കേസിൽ നടി റിയ ചക്രവർത്തിക്ക് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ സമൺസ്. എൻസിബി സംഘം ഇന്നു രാവിലെ റിയയുടെ വസതിയിലെത്തിയാണ് സമൺസ് നൽകിയത്. കേസിൽ പ്രധാന ആരോപണ വിധേയയായ ഇരുപത്തെട്ടുകാരിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞു. ചോദ്യം ചെയ്യലിന് റിയ സ്വയം ഹാജരാവുകയോ നോട്ടീസ് നൽകാനെത്തിയ ടീമിനൊപ്പം വരുകയോ ചെയ്യാമെന്നും രാവിലെ എൻസിബി അധികൃതർ വ്യക്തമാക്കി.

എൻസിബി ജോയിന്‍റ് ഡയറക്റ്റർ സമീർ വാംഖഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാന്താക്രൂസിലെ റിയയുടെ വസതിയിലെത്തിയത്. വനിതകളടക്കം പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു. കുറച്ചു സമയം വസതിയിൽ ചെലവഴിച്ച ശേഷം സംഘം മടങ്ങി. ഇന്നു തന്നെ റിയ എൻസിബിക്കു മുമ്പാകെ ഹാജരാകുമെന്നാണു റിപ്പോർട്ടുകൾ.

ഇതിനിടെ, ഇതിനിടെ, സുശാന്തിന്‍റെ പാചകക്കാരനായിരുന്ന ദീപേഷ് സാവന്തിനെയും എൻസിബി അറസ്റ്റു ചെയ്തിട്ടുണ്ട്. റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ മുൻ വീട്ടു മാനെജർ സാമുവൽ മിറാൻഡ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ കോടതി എൻസിബി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവർ രണ്ടുപേരെയും റിയയ്ക്കും ദീപേഷ് സാവന്തിനും ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന നിലപാടിലാണ് അന്വേഷണ സംഘം എന്നാണു സൂചനകൾ.

സെയ്ദ് വിലാത്ര, അബ്ദേൽ ബാസിത് പരിഹാർ, കൈസാൻ ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായിട്ടുള്ള മറ്റു മൂന്നു പേർ. പരിഹാറാണ് മയക്കുമരുന്ന് എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുള്ളതെന്നാണു നിഗമനം. വലിയൊരു മയക്കുമരുന്ന് ശൃംഖലയിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ബോളിവുഡിൽ ഈ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. മുകൾത്തട്ടിലുള്ള “വലിയ മത്സ്യങ്ങളെ’ തേടുകയാണു സംഘമെന്നും സൂചന.

റിയയുടെ മൊബൈൽ ഫോണിൽ നിന്നാണ് സുശാന്തിന് മയക്കുമരുന്ന് എത്തിച്ചിരുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചത്. അതുകൊണ്ടുതന്നെ റിയയ്ക്ക് കൂടുതൽ കാര്യങ്ങൾ അറിയാമെന്ന നിഗമനത്തിലാണ് എൻസിബി സംഘമെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും എന്നാൽ സുശാന്ത് അത് ഉപയോഗിച്ചിരുന്നുവെന്നും റിയ ചില ടിവി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

സുശാന്തിന്‍റെ താമസസ്ഥലത്ത് കഞ്ചാവ് എത്തിച്ചിരുന്നതായി മിറാൻഡ എൻസിബി സംഘത്തോടു സമ്മതിച്ചതായാണു അന്വേഷണ ഏജൻസിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. സുശാന്ത് എങ്ങനെ മയക്കുമരുന്നുകൾ ഉപയോഗിച്ചു, അതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങൾ ദീപേഷ് സാവന്തിൽ നിന്ന് അറിയാമെന്നാണു എൻസിബി കരുതുന്നത്. സാവന്തിനെ ഇന്നു കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും.

ഷോവിക്കിന്‍റെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് മിറാൻഡ പറയുന്നത്. പരിഹാറിൽ നിന്നും വിലാത്രയിൽ നിന്നുമാണ് മയക്കുമരുന്നു സംഘടിപ്പിക്കുന്നതെന്നും മിറാൻഡ വെളിപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: