ന്യൂഡൽഹി: ശ്വാസം പിടിച്ചു നിർത്തുന്ന അവസ്ഥ കൊറോണ ബാധിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. മദ്രാസ് ഐഐടിയിലെ ശാസ്ത്രജ്ഞരുടെ പഠനമാണ് ചർച്ചയാകുന്നത്. ശ്വാസം പിടിച്ചു നിർത്തുന്നതിലൂടെ ശ്വാസകോശത്തിനുള്ളിൽ വൈറസിന് നിലനിൽക്കാനുള്ള സാദ്ധ്യത വർദ്ധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത് രോഗം പിടിപെടാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂട്ടുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു
ശ്വസന പ്രക്രിയയുടെ മാതൃക ലബോറട്ടറിയിൽ തയ്യാറാക്കിയ പഠനത്തിലാണ് ശ്വാസം പിടിച്ചുവയ്ക്കുന്ന ചുറ്റുപാടിൽ കഴിയേണ്ട അവസ്ഥ കൊറോണ ആക്രമണത്തെ രൂക്ഷമാക്കുമെന്ന് കണ്ടെത്തിയത്. ശ്വാസം പിടിച്ചു നിർത്തുമ്പോൾ ശ്വാസോച്ഛാസം തടസ്സപ്പെടുന്നത് വഴി വൈറസ് ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന സാഹചര്യം വർദ്ധിക്കുമെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.
ആളുകളിൽ ശ്വാസകോശ രോഗങ്ങൾ വളരെ എളുപ്പം ബാധിക്കപ്പെടുന്നതെങ്ങനെയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പഠനം ആരംഭിച്ചത്. ഐഐടി പ്രൊഫ. മഹേഷ് പഞ്ചഗുളയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പ്രതിമാസ ശാസ്ത്ര ജേണലായ ഫിസിക്സ് ഓഫ് ഫ്ലൂയിഡിൽ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്