കൊല്ലം : ശ്രീനാരായണ ഗുരു സർവ്വകലാശാലയ്ക്ക് വേണ്ടി തീരുമാനിച്ചിരുന്ന വിവാദ ലോഗോ മരവിപ്പിച്ചു. ഗുരുദേവന്റെ ചിത്രമില്ലാത്ത ലോഗോയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് നടപടി. ലോഗോ വിഷയം പുന: പരിശോധന നടത്താൻ പ്രത്യേക സമിതിയെ തീരുമാനിച്ചു. ലോഗോ പരിശോധിക്കാൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനും, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പാൾ ഡോ. വി മനോജ് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ നിയോഗിച്ചതായി സർവ്വകലാശാല അധികൃതർ അറിയിച്ചു.
ലോഗോയ്ക്കെതിരെ നിരവധി സമരങ്ങൾ സർവ്വകലാശാല ആസ്ഥാനത്ത് നടന്നിരുന്നു. ബിജെപിയും കോൺഗ്രസും ഹിന്ദു സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗുരുവിന്റെ ആശയങ്ങൾ ത്രിമാന ജ്യാമിതീയ രൂപത്തിലാക്കിയതാണ് ലോഗോയെന്നായിരുന്നു അവകാശവാദം. സർവ്വകലാശാല വിസിയായ ഡോ. മുബാറക് പാഷയും ലോഗോ പിൻവലിക്കില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.
ലോഗോയിലെ വൃത്താകൃതിയിലുള്ള വെളുപ്പ് നിറം ജ്ഞാനത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്നു. മഞ്ഞനിറം ധർമ്മത്തേയും മൂല്യങ്ങളേയും സൂചിപ്പിക്കുന്നു. പച്ച കുങ്കുമം, പർപ്പിൾ നിറങ്ങൾ സുസ്ഥിരവികസനത്തെ സൂചിപ്പിക്കുന്നു എന്നാണ് സർവ്വകലാശാല അധികൃതരുടെ വിശദീകരണം. സാധാരണ ജ്യാമിതി രൂപങ്ങളൊന്നും സമാനമായ സർവ്വകലാശാലകളിൽ ഉപയോഗിച്ചിട്ടില്ലെന്നതും പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോഗോയ്ക്കൊപ്പം അടയാള വാക്യത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. വിദ്യകൊണ്ട് പ്രബുദ്ധരാവുക , വിദ്യകൊണ്ട് സ്വതന്ത്രരാകുക എന്നീ ഉദ്ധരണികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇംഗ്ളീഷിൽ വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന അർത്ഥത്തിലുള്ള വാക്യമാണ് ഉപയോഗിച്ചിരിക്കുന്നത്.