റിയൽമി C11 ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
റിയൽമി തങ്ങളുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റിയൽമി C11 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നാർസോ സീരീസും റിയൽമെ എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റിൽ അവതരിപ്പിച്ച ഈ പുതിയ ഡിവൈസ് മികച്ച സവിശേഷതകളോയാണ് വരുന്നത്. റിയൽമിയെ സംബന്ധിച്ച് സി-സീരീസ് അവരുടെ പ്രധാന ഡിവൈസുകൾ പുറത്തിറങ്ങിയ സീരിസാണ്.
റിയൽമി സി സീരിസിന് ഇന്ത്യൻ വിപണിയിൽ വലിയ ജനപ്രീതിയുണ്ട്. റിയൽമി സി സീരിസിലെ സി3 സ്മാർട്ട്ഫോൺ വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. പുതിയ റിയൽമി സി11 സ്മാർട്ട്ഫോണിലൂടെ വിപണിയിലെ സി സീരിസിന്റെ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആകർഷകമായ സവിശേഷതകളോടെ പുറത്തിറക്കിയ ഈ ഡിവൈസ് 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്കാണ് അവതരിപ്പിച്ചത്.
റിയൽമി C11 ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 32 ജിബി സ്റ്റോറേജും 2 ജിബി റാമുമുള്ള ഈ വേരിയന്റിന് 7,499 രൂപയാണ് വില. റിയൽമി C11യുടെ ആദ്യ വിൽപ്പന ജൂലൈ 22 ന് ഫ്ലിപ്കാർട്ട് വഴി നടക്കുമെന്ന് കമ്പനി അറിയിച്ചു. ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകു എങ്കിലും ഡിവൈസിൽ മൈക്രോ എസ്ഡി കാർഡിനായി പ്രത്യേകം സ്ലോട്ട് നൽകിയിട്ടുണ്ട്. ഈ സ്ലോട്ട് വഴി സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാൻ സാധിക്കും. റിച്ച് ഗ്രീൻ, റിച്ച് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.
റിയൽമി C11 പ്ലാസ്റ്റിക് ബിൽഡാണ്. പിന്നിൽ മികച്ച ഗ്രിപ്പ് നൽകുന്ന ഡിസൈനും നൽകിയിട്ടുണ്ട്. 1600 x 720 പിക്സൽ എച്ച്ഡി + റെസല്യൂഷൻ, 88.7 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ എന്നീ സവിശേഷതകളുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ ജി 35 SoCയാണ് റിയൽമി C11ന് കരുത്ത് നൽകുന്നത്. 12nm പ്രോസസ്സും 2.3GHz ക്ലോക്ക് സ്പീഡും ഈ പ്രോസസറിനുണ്ട്. 2 ജിബി എൽപിപിഡിആർ 4 റാം, 32 ജിബി സ്റ്റോറേജ്, 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി എന്നിവയും ഡിവൈസിൽ ഉണ്ട്.