Home ഇന്ത്യ മാനഭംഗത്തിനിരയായ ദളിത് പെൺകുട്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പു പറയണമെന്നു കെ. സുരേന്ദ്രൻ

മാനഭംഗത്തിനിരയായ ദളിത് പെൺകുട്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പു പറയണമെന്നു കെ. സുരേന്ദ്രൻ

by Sruthi Bhat Kadambery

പന്തളം: ആംബുലൻസിൽ വച്ചു കോവിഡ് ബാധിതയായ പെൺകുട്ടിയെ ഡ്രൈവർ നൗഫൽ മാനഭംഗപ്പെടുത്താൻ ഇടയാക്കിയതു മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടികൾ കാരണമാണെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പെൺകുട്ടിക്കു നീതി ആവശ്യപ്പെട്ടു ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിൽ എൻഡിഎ പന്തളത്തു നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ര സമ്മേളനം നടത്തി രോഗികളുടെ കണക്കു വിളിച്ചു പറയുന്ന ഏക മുഖ്യമന്ത്രിയാണു പിണറായി വിജയൻ. കോവിഡ് ബാധ സ്ഥിരീകരിച്ചാലും സന്ധ്യ കഴിഞ്ഞു മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചാൽ മാത്രമേ രോഗികളെ ആശുപത്രിയിലെത്തിക്കാവൂ എന്നാണു സർക്കാർ നിർദ്ദേശം. ഇതു കാരണം സ്ത്രീകളുൾപ്പെടെയുള്ള രോഗികളെ രാത്രിയിൽ മാത്രമേ ആശുപത്രിയിലെത്തിക്കാൻ കഴിയുകയുള്ളൂ. സ്ത്രീകളായ രോഗികളോടൊപ്പം ഒരു ആരോഗ്യ പ്രവർത്തകയേക്കൂടി ആംബുലൻസിൽ അയയ്ക്കുകയുമില്ല. ഇത്തരം അവസരങ്ങൾ മുതലെടുത്താണ് നൗഫലിനേപ്പോലുള്ള ക്രിമിനലുകൾ സ്ത്രീകളുടെ മാനം കവരുന്നത്.

വധശ്രമക്കേസിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഒരു ക്രിമിനലിനോടൊപ്പം രാത്രിയിൽ ഈ പെൺകുട്ടിയെ വിട്ടതിനു പൂർണ്ണ ഉത്തരവാദി സർക്കാരാണ്. അതിനാൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറയുകയും ഉടൻ രാജിവയ്ക്കുകയും വേണം. സദാസമയവും യുപിയിലേക്കു നോക്കിയിരുപ്പാണു മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും തൊഴിൽ. സർക്കാർ വകുപ്പിൽ ജോലിയ്ക്കുള്ള യോഗ്യത പാർട്ടിയുടെ കത്താണ്. വധശ്രമക്കേസ് പ്രതിയായ നൗഫൽ ഡ്രൈവനായി നിയമിക്കപ്പെട്ടത് അയാൾ സിപിഎംകാരനായതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കുമ്മനം രാജശേഖരൻ

ഓരോ ദിവസവും ഭയാശങ്കകളോടെയാണു കേരളത്തിലെ ജനങ്ങൾ കഴിയുന്നതെന്നു കുമ്മനം രാജശേഖരൻ പറഞ്ഞു. ഇവിടെ നടക്കുന്ന സംഭവങ്ങൾ ടിവിയിൽ കണ്ടു കരയുന്ന അമ്മമാരുൾപ്പെടെയുള്ളവരുടെ കാഴ്ചയാണെന്നും. ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ സമാധാനിപ്പിക്കാൻ തയ്യാറാകാത്ത മനസ്സാക്ഷി മരവിച്ച ഭരണകൂടമാണിവിടെയുള്ളത്. 19 കാരിയായ പെൺകുട്ടിയെ ആംബുലൻസിലിട്ടു ഡ്രൈവർ മാനഭംഗപ്പെടുത്തിയതിനു തൊട്ടടുത്ത ദിവസം തന്നെയാണ് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂരിൽ മറ്റൊരു യുവതിയ്ക്കു നേരെ ക്രൂരമായ ആക്രമണമുണ്ടായത്. ക്വാറൻ്റൈൻ സർട്ടിഫിക്കറ്റിനെത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതെല്ലാം നടന്നിട്ടും സർക്കാർ കൈയ്യും കെട്ടി കാഴ്ചക്കാരേപ്പോലെ നോക്കിയിരിക്കുകയാണ്. ഈ രണ്ടു സംഭവങ്ങളിലും ഇരകളായവരെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ ഇവരുടെ പാർട്ടി നേതാക്കളോ തയ്യാറായിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള എൻഡിഎ പ്രവർത്തകരും, യുവമോർച്ച, മഹിളാ മോർച്ച, പട്ടികജാതി മോർച്ച തുടങ്ങിയവർ പ്രകടനമായെത്തി ഉപവാസത്തിലിരുന്നവർക്ക് അഭിവാദ്യമർപ്പിച്ചു.

എൻഡിഎ ജില്ലാ ചെയർമാനും ബിജെപി ജില്ലാ അദ്ധ്യക്ഷനുമായ അശോകൻ കുളനട യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. എൻഡിഎ സംസ്ഥാന ജോ. കൺവീനറും കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ രാജൻ കണ്ണാട്ട്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ കെ. പത്മകുമാർ, തഴവ സഹദേവൻ, ജില്ലാ പ്രസിഡൻ്റ് ഡോ. എ.വി. ആനന്ദരാജ്,
ബിജെപി ജില്ലാ ജന. സെക്രട്ടറി ഷാജി ആർ. നായർ, സംസ്ഥാന സമിതിയംഗം ടി.ആർ. അജിത് കുമാർ കൗൺസിലംഗം അച്ചൻകുഞ്ഞു ജോൺ, അടൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ നെടുമ്പള്ളി, ജന. സെക്രട്ടറിമാരായ എം.ബി.ബിനുകുമാർ , തെങ്ങമം രാജേഷ്, ശിവസേന ജില്ലാ പ്രസിഡൻ്റ് ദിലീപ് ചെറുവള്ളി, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ഹരീഷ് എച്ച്, ബിഡിവൈഎസ് സംസ്ഥാന സെക്രട്ടറി രാകേഷ്, വിവിധ എൻഡിഎ നേതാക്കളായ അഡ്വ. ബേബി കാക്കാനപ്പള്ളിൽ, വിനയചന്ദ്രൻ, പി.ആർ. ഷാജി വിജയകുമാർ മണിപ്പുഴ തുടങ്ങിയവർ ഉപവാസത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: