ജനകീയാസൂത്രണത്തിന്റെ കാല് നൂറ്റാണ്ടു ആഘോഷിക്കുന്ന ഈ ശുഭമുഹൂര്‍ത്തത്തില്‍ തന്നെ വേണോ ഈ കൊടുംചതി.
മുഖ്യമന്ത്രിയിലേക്കു കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനുള്ള റൂള്‍സ് ഓഫ് ബിസിനസ്സ് ചട്ടഭേദഗതിയാണു കഥാതന്തു. ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പുറത്തു വന്നതോടെ ഇതു വലിയ വിവാദത്തിനു വഴിവെച്ചിരിക്കുകയാണ്. വിവിധ മേഖലകളിലെ പ്രമുഖര്‍ ഒരേ സ്വരത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ അധികാരാവകാശങ്ങള്‍ വിനിയോഗിച്ച പരിണിത പ്രജ്ഞരായ മുന്‍ ചീഫ് സെക്രട്ടറിമാര്‍ വരെ ഇതു അപകടമാണ്, വികലമാണ്, അശാസ്ത്രീയമാണ് എന്നു വ്യക്തമാക്കിക്കഴിഞ്ഞു. ജനപ്രതിനിധിയെ മാറ്റി നിര്‍ത്തി ഐ.ഏ.എസുകാര്‍ക്കു അധികാരമെല്ലാം കൈമാറുന്നത് ഏതു തരത്തില്‍ നോക്കിയാലും ശരിയായ ഏര്‍പ്പാടല്ലെന്നു അവര്‍ തുറന്നടിച്ചു.
കരടു നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തില്‍ മന്ത്രിമാരും ശക്തമായ എതിര്‍പ്പുയര്‍ത്തി എന്നാണു റിപ്പോര്‍ട്ടുകള്‍. ബീഹാറിലോ ഉത്തരാഖണ്ഡിലോ ഇതു നടക്കുമായിരിക്കും; കേരളത്തില്‍ ഇതു നടക്കില്ല എന്നു ഉപസമിതിയില്‍ അംഗമായ റവന്യുമന്ത്രി തുറന്നടിച്ചതായാണു വിവരം.
വിവാദം ഇത്രയേറെ കനത്തിട്ടും മുഖ്യമന്ത്രിക്കു ഒരു കുലുക്കവുമില്ല. ജനാധിപത്യ വിരുദ്ധമായ കരടുനിര്ദ്ദേശങ്ങളെക്കുറിച്ചല്ലാ, മറിച്ചു അവ പുറത്തു വന്നതിനെക്കുറിച്ചാണു മുഖ്യമന്ത്രിയുടെ വേവലാതി. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തിലുള്ള അസന്തുഷ്ഠി അദ്ദേഹം പ്രകടിപ്പിച്ചതായാണു റിപ്പോര്‍ട്ട്.
കലികാലം എന്നല്ലാതെ എന്തുപറയാന്‍! ലോകമെമ്പാടും ഏകാധിപത്യ പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സത്യാനന്തര കാലത്തു (ുീെേ ൃൗവേേ ലൃമ) കേരളവും ആ വഴിക്കു തന്നെ. ജനാധിപത്യം എന്ന മേല്‍വിലാസത്തിലാണു ഈ പ്രഹസനം എന്നതു ആരെയാണു അത്ഭുതപ്പെടുത്താത്തത്; വേദനിപ്പിക്കാത്തത് ?
മാറ്റമേ പാടില്ലെന്നല്ല. കാലികമായ മാറ്റം എല്ലാക്കാര്യത്തിലും അനിവാര്യമാണ്. പക്ഷേ, അതു അടിസ്ഥാന തത്വത്തെയും സ്വഭാവത്തെയും വികലവും വികൃതവുമാക്കിക്കൊണ്ടാവരുത്. ഭരണഘടനാ വിവക്ഷയെ അട്ടിമറിക്കുകയുമരുത്. എന്നാല്‍ വിവാദ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഇതെല്ലാം ഒറ്റയടിക്കു നിര്വ്വഹിക്കുന്നുവെന്നതാണു പ്രതിഷേധം ഉയരുന്നതിനു കാരണം.
ഭരണഘടയുടെ 166-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പനുസരിച്ചു ഒരു സംസ്ഥാനത്തിന്റെ ഭരണം സൗകര്യപ്രദമായി നടത്തുന്നതിനുവേണ്ടി ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഗവര്‍ണറെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ ചട്ടങ്ങള്‍ ട്രാന്സാക്ഷന് ഓഫ് ബിസിനസ് റൂള്‍സ് എന്നാണു അറിയപ്പെടുന്നത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഭരണനടത്തിപ്പിനുവേണ്ടി ഈ ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതും അലോക്കേഷന് ഓഫ് ബിസിനസ് റൂള്‍സും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വ്യവസ്ഥാപിതമായ രീതിയില്‍ നടത്തിക്കൊണ്ടുപോവാനുദ്ദേശിച്ചിട്ടുള്ളവയാണ്. ബിസിനസ് റൂള്‍സ് അനുസരിച്ച് വകുപ്പു മന്ത്രിയുടെ അധികാരങ്ങള്‍ എന്തൊക്കെയെന്നും സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും എന്തൊക്കെയെന്നും അവ എങ്ങനെ നിര്വ്വഹിക്കപ്പെടണമെന്നുമൊക്കെ വിശദമായി നിര്‍വ്വചിച്ചിട്ടുണ്ട്. ഇതനുസരിച്ചാണു ജനാധിപത്യ ഭരണ സംവിധാനത്തില്‍ മന്ത്രിസഭയും വിവിധ വകുപ്പുകളും അതിന്റെ സെക്രട്ടറിമാരുമൊക്കെ പ്രവര്‍ത്തിക്കുന്നത്. ആ വളയം വിട്ടു ചാടാനവര്ക്കാവില്ല. അങ്ങനെ വന്നാല്‍ അതു ചട്ടവിരുദ്ധവും അതു കൊണ്ടുതന്നെ നിയമ വിരുദ്ധവുമാവും. ഇത്തരം ‘ചെക്സ് ആന്‍ഡ് ബാലന്‍സ്’ സര്‍ക്കാര്‍ ഭരണ സംവിധാനത്തിന്റെ സുതാര്യതയ്ക്കും ഭരണം ദുഷിക്കാതിരിക്കാനും അനിവാര്യമാണ്. ഭരണഘടനാ ശില്പികള് ദൂരെക്കാഴ്ചയോടുകൂടിയാണു ഇതൊക്കെ രൂപകല്പന ചെയ്തിട്ടുള്ളത്.
ഇതിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണു പുതിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍. അധികാരം മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിച്ചു അദ്ദേഹത്തെ സര്‍വ്വാധികാരി ആക്കുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങളിലൊന്ന്. റൂള്‍സ് ഓഫ് ബിസിനസിലെ സെക്ഷന്‍ രണ്ടിലെ 13 മുതല്‍ 20 വരെയുള്ള ചട്ടപ്രകാരമാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടിക്രമം. ഇതില്‍ ഭേദഗതി വരുത്തി മന്ത്രിസഭയുടെ പ്രാധാന്യം വെട്ടിച്ചുരുക്കി മുഖ്യമന്ത്രിക്ക് അപ്രമാദിത്വം നല്കുന്ന നിരവധി വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
ഇന്ത്യയില്‍ നിലനില്ക്കുന്നതു പാര്‍ലമെന്ററി ജനാധിപത്യക്രമമാണ്. പാര്‍ലമെന്റിലായാലും നിയമസഭയിലായാലും ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിയുടേയോ മുന്നണിയുടേയോ മന്ത്രിസഭയും അതിന്‍പ്രകാരമുള്ള ജനാധിപത്യ ഭരണവും.
ക്യാബിനറ്റു ഭരണസംവിധാനത്തില്‍ സമന്മാരിലെ ഒന്നാമനാണു മുഖ്യമന്ത്രി. തങ്ങളുടെ വകുപ്പിനു കീഴില്‍ വരുന്ന വിഷയങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്വം അതാതു മന്ത്രിമാര്‍ക്കാണ്. ഈ പൊതുതത്വം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നിട്ടും ഇതു അട്ടിമറിക്കാനാണ് ഭേദഗതി നിര്ദ്ദേശങ്ങളിലൂടെയുള്ള ബോധപൂര്‍വ്വമായ ശ്രമം.
നിലവിലുള്ള വ്യവസ്ഥ പ്രകാരം മന്ത്രിമാരുടെ വകുപ്പുമാറ്റം ഗവര്‍ണ്ണറുടെ അറിവോടെ മാത്രമേ നടപ്പിലാക്കാനാവൂ. ഇപ്പോള്‍ ചട്ടം അഞ്ചിന്റെ ഭേദഗതിയിലൂടെ ഗവര്‍ണ്ണറെ പിന്നീടു അറിയിച്ചാലും മതി എന്നു തിരുത്തിയിരിക്കുന്നു. ധനവകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തുന്ന പദ്ധതികള്‍ സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അവകാശവും മന്ത്രിസഭയില്‍നിന്നു മുഖ്യമന്ത്രിയിലേക്കു മാറ്റാന്‍ ചട്ടം 10(2) ന്റെ ഭേദഗതി നിര്‍ദ്ദേശിക്കുന്നു. മന്ത്രിസഭയുടെ പ്രാധാന്യം കവര്‍ന്നു മുഖ്യമന്ത്രിക്കു അമിതാധികാരം പകര്‍ന്നു നല്‍കാനാണു നീക്കം.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുന്ന ഏതു തീരുമാനവും ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളുവെന്ന നിലവിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണിത്. ധനവകുപ്പിന്റെ അനുമതി ലഭിക്കുന്നതിനു മുമ്പു മന്ത്രിസഭ അത്തരം ഏതെങ്കിലും കാര്യങ്ങള്‍ക്ക് അംഗീകാരം നല്കിയാല്, ധനവകുപ്പിന്റെ അംഗീകാരം നേടിയശേഷം മാത്രമേ ഉത്തരവിറക്കാവൂ എന്നു ചട്ടം നിഷ്ക്കര്‍ഷിക്കുന്നു. ധനപരിശോധനയുടെ പ്രാധാന്യമാണിതു ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സ്പ്രിംഗ്ളര്‍ ഇടപാടു ധന, നിയമ വകുപ്പുകളുടെ പരിശോധനയോ മന്ത്രിസഭയുടെ അറിവോ കൂടാതെ നടത്തിയതിന്റെ പിന്‍ബലത്തിലാണു ഈ ശുപാര്‍ശ.
മന്ത്രിസഭായോഗം കൂടാന്‍ ക്വാറം നിശ്ചയിക്കുന്നതാണു ഒരു നിര്‍ദ്ദേശം. കേട്ടുകേഴ്വി ഇല്ലാത്ത കാര്യമാണിത്. കൂട്ടുത്തരവാദിത്വത്തോടെയും അഭിപ്രായ സമന്വയത്തിലൂടെയുമാണ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്; അല്ലാതെ ഭൂരിപക്ഷ തീരുമാനപ്രകാരമല്ല. എല്ലാ ആഴ്ചയും മന്ത്രിസഭായോഗം ചേരുന്നതും ഈ ഗൗരവത്തോടെ ദൈനംദിന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാണ്. അതില്‍ എല്ലാവരും പങ്കെടുക്കുന്നതാണ്, ക്വാറത്തിലേക്കു ചുരുക്കി നിസ്സാരപ്പെടുത്തുന്നതു ദുരുദ്ദേശപരമാണ്. മന്ത്രസഭയില്‍ വോട്ടിനിട്ടു തീരുമാനമെടുക്കാത്തതും എടുക്കുന്ന തീരുമാനങ്ങള്‍ക്കു കൂട്ടുത്തരവാദിത്വം കല്പിക്കുന്നതും ജനാധിപത്യ ഭരണക്രമത്തിന്റെ ശക്തിയും സൗന്ദര്യവുമാണ്.
മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്ക്കുകയും സെക്രട്ടറിമാരുടെ അധികാരം കൂട്ടുകയും ചെയ്യുന്നതാണ് മറ്റൊരു ഭേദഗതി നിര്‍ദ്ദേശം. ‘തേര്‍ഡ് ഷെഡ്യൂള്‍’ എന്ന പേരിലാണ് ഈ നീക്കം. നിലവിലുള്ള ചട്ടം അനുസരിച്ചു തന്റെ വകുപ്പിലെ ഫയലുകള്‍ എങ്ങനെ തീര്‍പ്പാക്കണമെന്നു മന്ത്രിക്കു തീരുമാനിക്കാമെന്നിരിക്കേ, പുതിയ ശുപാര്‍ശപ്രകാരം തേര്‍ഡ് ഷെഡ്യൂള്‍ പ്രകാരം മാറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒഴിച്ചുള്ളവയേ മന്ത്രിക്കു പരിഗണിക്കാനാവൂ. നിലവില്‍ ഗവര്‍ണ്ണറുടെ അംഗീകാരത്തോടെ മാത്രമേ ഷെഡ്യൂളില്‍ മാറ്റം വരുത്താനാവൂ എന്നിടത്ത് മൂന്നാം ഷെഡ്യൂള്‍ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചു ചീഫ് സെക്രട്ടറിക്ക് അപ്പപ്പോള്‍ ഭേദഗതി ചെയ്യാം. എന്നു പറഞ്ഞാല്‍ മന്ത്രിയുടെ അധികാരം വീണ്ടും വീണ്ടും കുറയും. ഇതില്‍ സെക്രട്ടറിക്കു തീരുമാനം എടുക്കുകയും ചെയ്യാം.
മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുന്നതിനു വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കണമെന്നാണു പുതിയ ശുപാര്‍ശ. ബന്ധപ്പെട്ട വകുപ്പു മന്ത്രി കാണാതെയുള്ള ഈ ഫയല്‍ സമര്‍പ്പണം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഇതു പ്രാബല്യത്തിലായാല്‍ താന്‍ കൂടി ചേര്‍ന്നു എടുത്ത തീരുമാനം മാറ്റുന്നതുപോലും മന്ത്രി അറിയില്ലെന്നര്ത്ഥം.
ജനായത്ത ഭരണക്രമത്തില്‍ അധികാരം ജനങ്ങള്‍ ഏല്പിക്കുന്നതു ജനപ്രതിനിധികളെയാണ്. അവര്‍ കൈക്കൊള്ളുന്ന തീരുമാനം നടപ്പാക്കുന്ന ഉത്തരവാദിത്വമാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ബന്ധം, പദവിയിലെ വ്യത്യാസം എന്നിവ ബ്രിട്ടണിലേതുപോലെ പകര്‍ത്തിയിരിക്കയാണ് നമ്മള്. അവിടെ അധികാരം ജനപ്രതിനിധികളില്‍നിന്നു ഉദ്യോഗസ്ഥരിലേയ്ക്കു മാറ്റുന്നതും മന്ത്രിമാരെ നോക്കുകുത്തിയാക്കി അമിതാധികാരം മുഖ്യമന്ത്രിയിലേയ്ക്കു കേന്ദ്രീകരിക്കുന്നതും ജനാധിപത്യസത്തയ്ക്കു കടകവിരുദ്ധമാണ്.
ചട്ടഭേദഗതിക്കു 5 ഉദ്യോഗസ്ഥരടങ്ങിയ ഉന്നത സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. അന്നു അഡീ. ചീഫ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയായിരുന്നു ചെയര്മാന്. ഇപ്പോഴത്തെ വിവാദ നായകന് എം. ശിവശങ്കര്‍ അംഗവും.
നിയമവും ചട്ടവും കീഴ്വഴക്കങ്ങളും കാറ്റില്‍പ്പറത്തി, എല്ലാവരേയും ഇരുട്ടില്‍ നിര്‍ത്തി, സ്പ്രിംഗ്ളര്‍ ഇടപാടു നടത്തുകയും അതു താനെടുത്ത തീരുമാനമാണെന്നു ഗര്‍വ്വോടെ വിളംബരം ചെയ്യുകയും ചെയ്ത ശിവശങ്കര്‍ ഉള്‍പ്പെടെ ഭരണം നിയന്ത്രിക്കുന്ന സംഘം അവരുടെ അഭീഷ്ടസിദ്ധിക്കു ചട്ടങ്ങള്‍ വിലങ്ങുതടിയാവുന്നു എന്നു കണ്ടപ്പോള്‍ അതു മറികടക്കാന്‍ പ്രയോഗിച്ച സൂത്രവിദ്യയാണു ഭേദഗതി നിര്‍ദ്ദേശങ്ങള്‍.
സര്‍വ്വാധികാരിയായി വാണ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഭയത്തോടും വിറയലോടും കൂടി നോക്കി കണ്ട ധന, നിയമ സെക്രട്ടറിമാര്‍ തങ്ങളുടെ അധികാരം കവരുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ഉപസമിതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അധികാര കേന്ദ്രീകരണത്തിന്റെ ദുരന്തഫലം!.
അതെല്ലാം കൈവിട്ടകളിയും അപകടവുമായിരുന്നുവെന്നു ഇന്നു ബോദ്ധ്യപ്പെടുമ്പോഴും ശിവശങ്കര്‍ ജയിലിന്റെ പടി കാത്തുകഴിയുന്ന ചിത്രം തെളിയുമ്പോഴും തിരുത്താന്‍ തയ്യാറുണ്ടോ എന്നാണറിയേണ്ടത്. ആ തിരിച്ചറിവുണ്ടെങ്കില് ഈ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് കടലാസുവില പോലും കല്പിക്കില്ല. എന്നാല്‍ അപ്പോഴും ഭേദഗതി തള്ളാതെ, വിശദാംശങ്ങള്‍ ചോര്‍ന്നതിനെ പഴിക്കുന്ന മുഖ്യമന്ത്രി എന്തു സന്ദേശമാണു നല്‍കുന്നത്. ഇതു ജനാധിപത്യക്രമത്തില്‍ അടിസ്ഥാനപ്പെടുത്തിയ സംസ്ഥാനമാണ്; പ്രസിഡന്‍ഷ്യല്‍ ഭരണക്രമം പിന്‍പറ്റുന്ന നാടല്ല. അധികാര കേന്ദ്രീകരണവും ഏകപക്ഷീയമായ തീരുമാനങ്ങളും നാടിനു ദുരിതവും ദുരന്തവുമാണു സമ്മാനിച്ചതെന്നോര്ക്കുക.