Home കേരളം മകരസംക്രമ സന്ധ്യയില്‍ ശബരിഗിരീശനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു.

മകരസംക്രമ സന്ധ്യയില്‍ ശബരിഗിരീശനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു.

by etodaymalayalam

പന്തളം: കോവിഡ് മഹാമാരിയെയും തോല്പിച്ചുകൊണ്ടു ഭക്തിസാന്ദ്രമാായ അന്തരീക്ഷത്തിൽ മകരസംക്രമ സന്ധ്യയില്‍ ശബരിഗിരീശനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു. ശരണം വിളികള്‍ അലയടിച്ചുയര്‍ന്ന ഭക്തിയുടെ പാരമ്യത്തില്‍ പ്രകൃതിയും ലയിച്ചു ചേര്‍ന്നപ്പോള്‍ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടുതന്നെ ആചാരപരമായ എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയാണ് ഘോഷയാത്ര പുറപ്പെട്ടത്.

കൊട്ടാരം കുടുംബാംഗങ്ങൾക്ക് ആശൂലമായതിനാൽ ഈ വർഷം രാജപ്രതിനിധിയില്ലാതെയാണു ഘോഷയാത്ര പുറപ്പെട്ടത്. രാജപ്രതിനിധിക്കു പകരം ഗുരുസ്വാമിയാണ് സംഘാംഗങ്ങളെ മാലയിട്ട് അനുഗ്രഹിച്ചത്.

രാവിലെ 11നു പ്രസിഡൻ്റ് എൻ. വാസു, ബോർഡംഗം കെ.എസ്. രവി എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണ മാളികയിലെത്തി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡൻ്റ് പി.ജി. ശശികുമാർ വർമ്മ, പി.എൻ. നാരായണ വർമ്മ എന്നിവരിൽ നിന്നും തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. തുടർന്നു ഗുരുസ്വാമിയുടെ നേതൃത്വത്തിൽ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ചു. ആചാരവിധി പ്രകാരം ശ്രീകോവിലിനു മുമ്പിൽ തിരുവാഭരണ പേടകം തുറന്നു വച്ചു.

12.45ന് ക്ഷേത്രമേല്‍ശാന്തി പടിഞ്ഞാറേമഠം മഹേഷ് കുമാർ പോറ്റി പേടകവാഹക സംഘാംഗങ്ങൾക്കു മാലകൾ പൂജിച്ചുനല്കി. 12.55നു മേല്‍ശാന്തി പേടകത്തിനു നീരാജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ക്ഷേത്രത്തിനു മുകളിൽ കൃഷ്ണപ്പരുന്തു വട്ടമിട്ടു പറന്നതോടെ ആകാശത്ത് ഉദിച്ചുയർന്ന നക്ഷത്രത്തെ സാക്ഷിയാക്കി 1 മണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസ്സിലേറ്റി ക്ഷേത്രത്തില്‍നിന്നും പുറത്തെത്തി ഘോഷയാത്ര പുറപ്പെട്ടു.

കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും അനുഗമിച്ചു. ദേവസ്വം അധികൃതരും ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിച്ചു. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ അസി. കമന്‍ ഡാന്റ് പി.പി. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള 42 അംഗ സായുധ പോലീസ് സംഘം സുരക്ഷയൊരുക്കി  ഘോഷയാത്രയെ അനുഗമിച്ചു.

ഘോഷയാത്രാ സംഘം ഇന്നു രാത്രി അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിക്കും. നാളെ പുലര്‍ച്ചെ 2ന് അവിടെനിന്നും പുറപ്പെട്ട സംഘം രാത്രിയിൽ ളാഹ വനംവകുപ്പിന്റെ സത്രത്തില്‍ വിശ്രമിക്കും. 14നു പുലർച്ചെ യാത്ര തിരിക്കുന്ന സംഘം നീലിമല കയറി ഘോഷയാത്ര അപ്പാച്ചിമേടും കടന്ന് ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കർപ്പൂരാഴിയുഴിഞ്ഞു സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും. 6 മണിയോടെ പതിനെട്ടാംപടി കയറി എത്തുന്ന ഗുരുസ്വാമിയില്‍ നിന്നു മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്നു തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് ദീപാരാധനയ്ക്കായി നടതുറക്കുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ മകരജ്യോതിയെന്ന മകരസംക്രമ നക്ഷത്രവും പൊന്നമ്പമേട്ടില്‍ മകര വിളക്കും തെളിയും. ഈ ദിവ്യമുഹൂര്‍ത്തത്തില്‍ തിരുവാഭരണ വിഭൂഷിതനായ ഭഗവാന്റെ അനുഗ്രഹം നേടുന്ന ഭക്തര്‍ ആത്മനിര്‍വൃതിയോടെ പടിയിറങ്ങും.

പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, കൗൺസിലർമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരായ പ്രയാർ ഗോപാലകൃഷ്ണൻ, കെ. പത്മകുമാർ, ദേവസ്വം കമ്മീഷണർ ബി.എസ്. തിരുമേനി, ഡെപ്യൂട്ടി കമ്മീഷണർമാരായ വി. കൃഷ്കുമാർ വാര്യർ, തിരുവാഭരണം കമ്മീഷണർ ടി.കെ. അജിത് പ്രസാദ്,

ജില്ലാ കളക്ടർ പി.ബി. നൂഹ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു, തിരുവാഭരണ പാത സംരക്ഷണ സമിതി രക്ഷാധികാരി മാലേത്ത് സരളാദേവി, പ്രസിഡൻ്റ് അഡ്വ. കെ.വി. ഹരിദാസ് എന്നീ പ്രമുഖരും ഘോഷയാത്രാ സംഘത്തെ യാത്രയയ്ക്കാൻ എത്തിയിരുന്നു.

പ്രസിഡൻ്റ് ജി. പൃഥ്വിപാലിൻ്റെ നേതൃത്വത്തിൽ വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. രാജീവ് കുമാർ എന്നിവരാണ് ഘോഷയാത്രാ ചടങ്ങുകൾക്കു നേതൃത്വം നല്കിയത്.

VP Prasad

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: