കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ഉത്സവത്തിന് ശബരിമല സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. ഭക്തര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തണമെന്ന നിര്‍ദേശം കൂടിയുള്ള മകരവിളക്കാണിത്. മുന്‍കാലങ്ങളില്‍ മൂന്നുലക്ഷത്തോളം ഭക്തര്‍ എത്തിയിരുന്ന മകരവിളക്കിന് ഇത്തവണ 5000 പേര് മാത്രമാണ് എത്തുന്നത്. മകരവിളക്ക് ദിനത്തില്‍ ഭക്തര്‍ക്ക് സുഗമമായി അയ്യപ്പനെ ദര്‍ശിക്കാനുള്ള സൗകര്യവും മകരജ്യോതി കാണുവാനുള്ള സൗകര്യവും ഒരുക്കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഉള്ളതിനാല്‍ കോവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
മകരജ്യോതി ദര്‍ശിച്ച ശേഷം ഭക്തര്‍ രാത്രി ഒന്‍പതു മണിയോടെ തന്നെ മലയിറങ്ങണമെന്നാണ് നിര്‍ദേശം. ഭക്തര്‍ക്ക് പര്‍ണശാലകള്‍ കെട്ടി മകരജ്യോതി ദര്‍ശിക്കുന്നതിനും ഇത്തവണ വിലക്കുണ്ട്. മകരവിളക്കിന് നേതൃത്വം നല്കാന് ബുധനാഴ്ച രാത്രി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിധാനത്ത് എത്തിച്ചേര്‍ന്നു. ദേവസ്വം പ്രസിഡന്റുമായും ബോര്‍ഡ് അംഗങ്ങളുമായും മന്ത്രി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോള്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചേര്‍ന്ന് തിരുവാഭരണത്തെ സ്വീകരിക്കും.
സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പോലീസും മറ്റ് വകുപ്പുകളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. എഡിജിപി എസ്. ശ്രീജിത്തിന്റെയും എസ്പി കെ. രാധാകൃഷ്ണന്റെയും നേതൃത്വത്തിലാണ് പോലീസ് സേന പ്രവര്‍ത്തിക്കുക. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി വിവിധ ഇടങ്ങളില്‍ ബാരിക്കേഡുകളും ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ ഈ മണ്ഡലകാലത്ത് തുടക്കത്തില്‍ 1000 ഭക്തരെയും പിന്നീട് 2000 ഭക്തരെയുമാണ് ദര്‍ശനത്തിന് അനുവദിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പമ്പാ സ്നാനം നിരോധിക്കുകയും പകരം ഷവര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സന്നിധാനത്ത് വിരിവയ്ക്കുന്നതിനും താമസിക്കുന്നതിനുമുള്ള സൗകര്യവും നിര്‍ത്തിയിരുന്നു. മണ്ഡലകാലാരംഭം മുതല്‍ ഭക്തരില്‍ നിന്ന് നേരിട്ടുള്ള നെയ്യഭിഷേകങ്ങളും നിര്‍ത്തി. എന്നാല്‍, അന്നദാനവും കുടിവെള്ള സൗകര്യവും കൃത്യമായി നല്കി. തിരുവാഭരണ ഘോഷയാത്രയില്‍ വരുന്നവര്‍ക്കും മകരവിളക്ക് ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്കും കുടിവെള്ളം, ഔഷധ വെള്ളം എന്നിവ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങള്‍ ദേവസ്വം ബോര്‍ഡ് ആവശ്യത്തിന് കരുതിയിട്ടുണ്ട്. 18 ന് നെയ്യഭിഷേകം അവസാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
VP Prasad