Home ഇന്ത്യരാഷ്ട്രീയം ഭരണം കിട്ടുമെന്ന് ഏകദേശം ഉറപ്പായതോടെ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് വ്യക്തമാക്കി; പ്രതിപക്ഷനേതാവിന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്ര മുടങ്ങുമോ?

ഭരണം കിട്ടുമെന്ന് ഏകദേശം ഉറപ്പായതോടെ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് വ്യക്തമാക്കി; പ്രതിപക്ഷനേതാവിന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്ര മുടങ്ങുമോ?

by Web Desk
തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ അഴിമതിയും അടക്കം നിരവധി ആരോപണങ്ങളും കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവവും ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിനെതിരെ കോടതിയിലടക്കം നിരന്തരം പോരാട്ടം നടത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന ചോദ്യം കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുന്നു.
പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി പദത്തിന് എന്തുകൊണ്ടും യോഗ്യനാണെന്ന് ഉമ്മന്‍ചാണ്ടി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞെങ്കിലും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ കൗശലതയാണെന്ന് ഏവര്‍ക്കും അറിയാം. കഴിഞ്ഞതവണ സോളാര്‍ വിവാദവും സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച മെത്രാന്‍ കായല്‍ അടക്കമുള്ള വിവാദ പദ്ധതികളാണ് തുടര്‍ഭരണത്തിന് തുരങ്കം വെച്ചത്. മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയും ചെയ്തു. ഉമ്മന്‍ചാണ്ടി ഗ്രൂപ്പിന്റെ തേരാളിയായ ബെന്നിബഹാന് സീറ്റ് നല്‍കാതിരുന്നത് അങ്ങനെയാണ്. എന്നാല്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിച്ചതിനെതിരെ ശക്തമായി ഇടപെട്ട് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ആയി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ടല്ല ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതൃസ്ഥാനം ഉപേക്ഷിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ എ ഗ്രൂപ്പിന് എംഎല്‍എമാര്‍ കുറവായത് കൊണ്ടാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ എത്ര അംഗബലം ഉണ്ടെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നിലവിലെ സാഹചര്യത്തില്‍ ചില ഹൈന്ദവ സമുദായങ്ങളും ക്രൈസ്തവ സഭകളും കോണ്‍ഗ്രസിനൊപ്പമാണ്. ബാബ്റി മസ്ജിദ് വിഷയത്തില്‍ ലീഗിനും കോണ്‍ഗ്രസിനും എതിരെ നില്‍ക്കുന്ന മുസ്്ലിം സമുദായത്തെ അനുനയിപ്പിക്കാനാണ് ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസും യുഡിഎഫിലെ മറ്റ് കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ ലീഗിന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നതാണ് താല്‍പര്യം. ഭരണം ലഭിക്കുമെന്ന് ലീഗിനും ഏതാണ്ട് പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി ഇനി കേരള രാഷ്ട്രീയത്തില്‍ സജ്ജീവമായി തുടരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.
ഐ, എ ഗ്രൂപ്പികള്‍ക്ക് വെല്ലുവിളിയായി രണ്ട് പേര്‍ ഡല്‍ഹിയിലുണ്ട്. എ കെ ആന്റണിയും കെ സി വേണുഗോപാലും. ഗ്രൂപ്പ് പോര് രൂക്ഷമാവുകയാണെങ്കില്‍ സമവായമെന്നോണം ഇവരില്‍ ആരെങ്കിലും മുഖ്യമന്ത്രി കസേരയില്‍ എത്തിക്കൂടായ്കയില്ല. കാരണം പാര്‍ട്ടി കോണ്‍ഗ്രസാണ് എന്തും സംഭവിക്കാം. അടൂര്‍പ്രകാശും കെ മുരളീധരനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതെല്ലാം അടുത്തതവണത്തെ ഭരണം മുന്നില്‍ കണ്ടുകൊണ്ടാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചില രാഷ്ട്രീയ കേസുകള്‍ സര്‍ക്കാര്‍ വീണ്ടും കുത്തിപ്പൊക്കാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു. അങ്ങനെയെങ്കില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: