Home വിനോദം പുതിയ ജീവിതത്തിന്റെയും പുത്തൻ പ്രതീക്ഷകളുടെയും കഥകൾ, പുത്തം പുതു കാലൈ റിവ്യൂ

പുതിയ ജീവിതത്തിന്റെയും പുത്തൻ പ്രതീക്ഷകളുടെയും കഥകൾ, പുത്തം പുതു കാലൈ റിവ്യൂ

by etodaymalayalam

തമിഴ് സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന അഞ്ച് സംവിധായകർ – സുധ കൊങ്കര, ഗൗതം മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്‌നം. ലോക്ക്ഡൗൺ പ്രമേയമാക്കി കഥ പറയുന്ന ഇവർ സംവിധാനം ചെയ്യുന്ന അഞ്ച് ചെറു ചിത്രങ്ങൾ. ഇതാണ് തമിഴിൽ നിന്നും ഇന്നലെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുതിയ ജീവിതങ്ങളുടെയും പുത്തൻ പ്രതീക്ഷകളുടെയും കഥകളാണ് അഞ്ച് ചിത്രങ്ങളും പറഞ്ഞു പോകുന്നത്. തമിഴിൽ നിന്ന് ഇങ്ങനെയൊരു ആന്തോളജി ചിത്രം വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ സിനിമ ആസ്വാദകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. ആ പ്രതീക്ഷകളോട് സംവിധായകർ നൂറു ശതമാനവും നീതി പുലർത്തിയിട്ടുണ്ട്.

സുധ കൊങ്കര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ ആണ് ആദ്യത്തെ ചിത്രം. ജയറാം, ഉർവശി, കാളിദാസ്, കല്യാണി പ്രിയദർശൻ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത് പ്രണയത്തിന് മുന്നിൽ കാലവും, സമയവും, പ്രായവും ഒന്നും ഒരു വിഷയം അല്ല എന്ന് അതി മനോഹരമായി ചിത്രം പറഞ്ഞു പോകുന്നു. വ്യത്യസ്ത മേക്കിങ്ങും ആകർഷകമാണ്. കാളിദാസിന്റെ ഒരു മികച്ച പെർഫോമൻസ് ചിത്രത്തിൽ കാണാം. ജയറാം ഉർവശി, കാളിദാസ് കല്യാണി കോംബോ പ്രണയത്തിന്റെ ഭാവങ്ങളും കെമിസ്ട്രിയും ഒരേ സമയം മികവോടെ ചിത്രത്തിൽ കൊണ്ട് വന്നിട്ടുണ്ട്.

ഗൗതം മേനോൻ സംവിധാനം ചെയ്ത അവരും നാനും അവളും നാനും ആണ് രണ്ടാമത്തെ ചിത്രം. എം എസ് ഭാസ്കറും റിതു വർമയും കഥാപാത്രങ്ങളായി എത്തുന്നു. അപ്പൂപ്പനും കൊച്ച് മകളും തമ്മിൽ ഉള്ള സ്നേഹത്തിന്റെ മനോഹരമായ കാഴ്ച ഗൗതം മേനോൻ തന്റെ തനതായ അവതരണ ശൈലിയിലൂടെ പറഞ്ഞു പോകുന്നു. വളരെയധികം വൈകാരികമായി തന്നെ ചിത്രം ആസ്വാദകനെ സമീപിക്കുന്നു. പി സി ശ്രീറാമിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.

സുഹാസിനി മണിരത്‌നം സംവിധാനം ചെയ്ത കോഫി എനിവൺ എന്ന ചിത്രം മൂന്നു പെൺമക്കളുടെയും അമ്മയുടെയും സ്നേഹബന്ധത്തിന്റെ കഥയാണ് പറയുന്നത്. രോഗ ശൈയ്യയിൽ കിടക്കുന്ന അമ്മയെ കാണാൻ വരുന്ന മക്കളുടെ കഥയിൽ മക്കൾ ആയി സുഹാസിനി,
അനു ഹസ്സൻ, ശ്രുതി ഹസ്സൻ അഭിനിയിച്ചപ്പോൾ വാർദ്ധക്യത്തിലെ അച്ഛന്റെയും അമ്മയുടെയും പെർഫോമൻസ് മികച് നിന്നു. ഒരുപാട് വൈകാരിക സന്ദർഭങ്ങൾ കൊണ്ട് മനസ്സിൽ തൊട്ട് നിൽക്കുന്ന നിമിഷങ്ങൾ കൊണ്ടും ചിത്രം മികവുറ്റ അനുഭവം ആകുന്നു.

രാജീവ്‌ മേനോൻ സംവിധാനം ചെയ്ത റീയൂണിയനിൽ ആൻഡ്രിയ പ്രധാന വേഷത്തിൽ എത്തുന്നു. ഓർമ്മകൾ പുതുക്കി കൂട്ടുകാരിയുടെ അപ്രതീക്ഷ വരവിൽ സഹപാഠിയുടെയും അവന്റെ അമ്മയുടെയും കൂടെയുള്ള നിമിഷങ്ങൾ രാജീവ്‌ മേനോൻ സംവിധാന മികവിൽ നമ്മളെ ഒരേ സമയം കൂടെ കൂട്ടി കൊണ്ട് പോകുന്ന ചിത്രം. കൊറോണയെ മുൻനിർത്തി നല്ല ഒരു ഉദാഹരണവും ലളിതമായ കഥ പറച്ചിലും പിന്നെ ചെറിയ ഒരു സാമൂഹിക ഉപദേശവും ചിത്രം തരുന്നുണ്ട്. തന്റെ തന്നെ മുൻകാല ചിത്രം ആയ മിൻസാരകനവ് സിനിമയിലെ ഊ ലാലാ ഗാനം ഉൾപ്പെടുത്തി നൊസ്റ്റാൾജിയയും ഉണർത്തുന്നുണ്ട് ചിത്രം.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മിറാക്കിൾ ആണ് അവസാനം ചിത്രം. ഒരു ഡാർക്ക്‌ കോമഡി ശൈലിയിൽ കഥ പറഞ്ഞു പോകുന്ന ചിത്രം കാർത്തിക് സുബ്ബാരാജ് എന്ന കഴിവുറ്റ സംവിധായകന്റെ വ്യത്യസ്തമായ അവതരണ മികവിൽ നിർമിക്കപ്പെട്ട ഒന്നാണ്. അതിനാൽ തന്നെ മറ്റു ചിത്രങ്ങളിൽ നിന്നും മിറാക്കിൾ വ്യത്യസ്തമാണ്. ബോബി സിംഹ, ശരത് രവി പെർഫോമൻസ് കൂടി ചേരുമ്പോൾ ചിത്രം വീണ്ടും രസകരമാവുന്നു.

എല്ലാ ചിത്രങ്ങളും ചില മനുഷ്യ ജീവിതങ്ങളുടെ സംഘർഷങ്ങളിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ആ സംഘർഷങ്ങളുടെ അവസാനം ഉയർന്നു വരുന്ന പ്രതീക്ഷകളിലാണ് ഒരു ചിത്രവും അവസാനിക്കുന്നത്. ഏകദേശം ഇന്ന് നമ്മുടെ സമൂഹം കടന്നു പോകുന്ന സാഹചര്യങ്ങൾക്ക് സമാനമായ കഥ പശ്ചാത്തലം. ചിത്രം പ്രേക്ഷകർക്കും പുതിയ പ്രതീക്ഷകൾ ആണ് സമ്മാനിക്കുന്നത്. ഇരുട്ട് മാറി വെളിച്ചം വരുക തന്നെ ചെയ്യും. എല്ലാ മനുഷ്യർക്കും അവരുടെ സന്തോഷം നിറഞ്ഞ ജീവിതം തിരിച്ചു ലഭിക്കുക തന്നെ ചെയ്യുമെന്ന് പുത്തം പുതു കാലൈ യിലൂടെ സംവിധായകർ വരച്ചുകാട്ടുന്നു.

നിഥിൻ നാസർ

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: