Home ആരോഗ്യം പന്തളത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തികഞ്ഞ അനാസ്ഥ

പന്തളത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തികഞ്ഞ അനാസ്ഥ

by Sruthi Bhat Kadambery

പന്തളം: കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള പ്രവർത്തനങ്ങളിൽ പന്തളം നഗരസഭാ പ്രദേശത്തു കാട്ടുന്നതു തികഞ്ഞ അനാസ്ഥ. സമൂഹ വ്യാപനത്തിനുള്ള സാഹചര്യമൊഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പന്തളത്ത് ഭീഷണിയായിരിക്കുന്നത്.

മൂന്നുറിലധികം പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനേത്തുടർന്ന് ഓണക്കാലത്ത് പൂർണ്ണമായും അടച്ചിട്ട പ്രദേശമാണു പന്തളം. ഇവിടെ ചന്തയ്ക്കു സമീപം പലചരക്കു വ്യാപാരം നടത്തുന്നയാളിൻ്റെ കുടുംബാംഗത്തിനു കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഈ വ്യാപാരിയോടൊപ്പം താമസിക്കുന്ന കുടുംബാംഗത്തിനാണു രോഗം സ്ഥിരീകരിച്ചത്. എന്നിട്ടും ഇയാൾ വ്യാപാര സ്ഥാപനം തുറന്നു കച്ചവടം നടത്തുന്നതാണ് ജനങ്ങളിൽ ആശങ്ക പരത്തുന്നത്. കുടുംബാംഗത്തിനു പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതിനു ശേഷം തനിക്കു നടത്തിയ ടെസ്റ്റ് നെഗറ്റീവ് ആണെന്നതാണ് ഈ വ്യാപാരിയുടെ ന്യായീകരണം. വീട്ടിൽ പോസിറ്റീവ് സ്ഥിരീകരിച്ചതോടെ താൻ വേറെ താമസം തുടങ്ങിയെന്നും പറഞ്ഞു കൊണ്ടാണ് ഇയാൾ സമൂഹവുമായി സമ്പർക്കത്തിലേർപ്പെടുന്നത്. ജീവനക്കാരെ ചുമതലയേല്പിപിച്ച് ഒരാഴ്ചത്തേക്കെങ്കിലും വ്യാപാര സ്ഥാപനത്തിൽ നിന്നു മാറി നിരീക്ഷണത്തിലിരിക്കാൻ ഇയാളും, അങ്ങനെയൊരു നിർദ്ദേശം നല്കാൻ അധികൃതരും തയ്യാറായിട്ടില്ല.

സർക്കാർ നല്കുന്ന ചില പഴുതുകളാണ് ഇത്തരക്കാർ ഉപയോഗപ്പെടുത്തുന്നത്. വീട്ടിൽ ഒപ്പം താമസിക്കുന്നവർക്കു കോവിഡ് സ്ഥിരീകരിച്ചാലുടനെ ഇത്തരക്കാർ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ പോകും. അവിടെ നിന്നും ലഭിക്കുന്ന നെഗറ്റീവെന്ന സർട്ടിഫിക്കറ്റാണ് ഇവർ തുറുപ്പുചീട്ടായി ഉപയോഗിക്കുക. മറ്റെവിടേക്കെങ്കിലും താമസം മാറിയിട്ട് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കും. പോലീസ് ഉദ്യോഗസ്ഥരെത്തിയാൽ ഈ സർട്ടിഫിക്കറ്റ് കാട്ടുകയും ഇപ്പോൾ വേറെയാണു താമസിക്കുന്നതെന്നു പറയുകയും ചെയ്യുന്നതോടെ അവർ മടങ്ങിപ്പോകുകയാണു പതിവ്.

ഇങ്ങനെ കാട്ടുന്ന അനാസ്ഥ ഏറെ അപകടകരമാണ്. പോസിറ്റീവായ കുടുംബാംഗത്തിനൊപ്പം സമ്പർക്കത്തിൽ കഴിയുമ്പോൾത്തന്നെ ഇത്തരക്കാർ പ്രൈമറി കോണ്ടാക്ട് പട്ടികയിൽ പെടുന്നവരാണ്. ഇത്തരക്കാർ ടെസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവായാലും പ്രാരംഭ ഘട്ടമാകയാൽ കരുതൽ സ്വീകരിക്കുന്നതാണ് നല്ലത്. ഒരാഴ്ചയെങ്കിലും ഇത്തരക്കാർ സമൂഹവുമായി സമ്പർക്കത്തിലേർപ്പെടാതെ നിരീക്ഷണത്തിൽ കഴിയാൻ വേണ്ട നടപടികളാണ് ആരോഗ്യ വകുപ്പും സർക്കാരും സ്വീകരിക്കേണ്ടത്. എങ്കിൽ മാത്രമേ സമൂഹവ്യാപനമെന്ന ആപത്തിനെ തടഞ്ഞു നിർത്താൻ സാധിക്കുകയുള്ളൂ.

.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: