പന്തളം: പന്തളം മേഖലയിലെ ബ്ലോക്ക്, ഗ്രാമ പ്രസിഡൻ്റുമാരെയും വൈസ് പ്രസിഡൻ്റുമാരെയും തിരഞ്ഞെടുത്തു. രാവിലെ 11നു പ്രസിഡൻ്റ് തിരഞ്ഞടുപ്പും ഉച്ചയ്ക്കു 2നു വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പും നടന്നു.
പന്തളം ബ്ലോക്കിൽ രേഖ അനിൽ, കുളനട ഗ്രാമപഞ്ചായത്തിൽ ചിത്തിര സി. ചന്ദ്രൻ, തുമ്പമണ്ണിൽ റോണി സഖറിയ, പന്തളം തെക്കേക്കരയിൽ രാജേന്ദ്രപ്രസാദ് എന്നിവരാണു പ്രസിഡൻ്റുമാർ.

കുളനടയിൽ വരണാധികാരി അടൂർ എഇഒ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയിലെ ചിത്തിര സി. ചന്ദ്രനും യുഡിഎഫിലെ ആർ. ബിന്ദുവും തമ്മിലായിരുന്നു മത്സരം. പ്രസിഡൻ്റ് പദം പട്ടികജാതി വനിതാ സംവരണമായ ഇവിടെ ആ വിഭാഗത്തിൽ നിന്നും അംഗങ്ങളില്ലാത്തതിനാൽ 4 അംഗങ്ങളുള്ള എൽഡിഎഫ് മത്സരിച്ചില്ല. വോട്ടെടുപ്പിലും പങ്കെടുത്തില്ല. 8 വോട്ടുകൾ നേടിയ ചിത്തിര വിജയിച്ചു. തുടർന്നു വരണാധികാരിയുടെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. 15-ാം വാർഡിൽ നിന്നുള്ള അംഗമാണ്. ബിജെപിയിലെ തന്നെ പി.ആർ. മോഹൻദാസ് 8 വോട്ടുകൾ നേടി വൈസ് പ്രസിഡൻ്റായി. എതിരെ മത്സരിച്ച യുഡിഎഫിലെ പി.കെ. ഉണ്ണിക്കൃഷ്ണപിള്ളയ്ക്കു 4 വോട്ടുകളാണു ലഭിച്ചത്.

തുമ്പമണിൽ യുഡിഎഫിലെ റോണി സഖറിയയും എൽഡിഎഫിലെ മോനി ബാബുവും തമ്മിലായിരുന്നു മത്സരം. 13 അംഗങ്ങളാണിവിടെ. റോണി സഖറിയയ്ക്ക് 8, മോനി സാബുവിനു 3 വോട്ടുകളും ലഭിച്ചു. രണ്ടംഗങ്ങളുള്ള ബിജെപി വിട്ടുനിന്നു. റോണി സഖറിയ വരണാധികാരി പന്തളം അസി. കൃഷി ഡയറക്ടർ ജോയ്സി കെ. കോശിയുടെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു. അഡ്വ. ടി.കെ. രാജേഷാണ് വൈസ് പ്രസിഡൻ്റ്.
പന്തളം തെക്കേക്കരയിൽ പന്തളം എഇഒ സുധർമ്മ എ.ആർ. വരണാധികാരിയായിരുന്നു. 3-ാം വാർഡിൽ നിന്നുള്ള എൽഡിഎഫിലെ എസ്. രാജേന്ദ്രപ്രസാദിനെതിരെ എൻഡിയിലെ എ.കെ. സുരേഷ് മത്സരിച്ചു. 8 വോട്ടുകൾ നേടിയ എസ്. രാജേന്ദ്രസാദ് വിജയിച്ചു. എ.കെ. സുരേഷിനു 4 വോട്ടുകൾ ലഭിച്ചു. യുഡിഎഫിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. രാജന്ദ്രപ്രസാദ് വരണാധികാരിക്കു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിപിഐയിലെ റാഹേൽ എൻഡിഎയിലെ അംബികാ ദേവരാജനെ തോല്പിച്ചു വൈസ് പ്രസിഡൻ്റായി. 14 അംഗങ്ങളാണിവിടെയുള്ളത്.

പന്തളം ബ്ലോക്ക് പഞ്ചായത്തിൽ പത്തനംതിട്ട സഹകരണ ജോയിൻ്റ് രജിസ്ട്രാർ എം.ജി. പ്രമീള ആയിരുന്നു വരണാധികാരി. നിലവിൽ പ്രസിഡൻ്റായ വിജയപുരം 8-ാം ഡിവിഷനിൽ നിന്നുള്ള സിപിഐയിലെ രേഖ അനിൽ 7 വോട്ടുകൾ നേടി വിജയിച്ചു. എതിരെ മത്സരിച്ച എൻഡിഎയിലെ സന്തോഷിനു 3 വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡൻ്റായി അശ്വതി ബിനോജും തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ സമിതിയിലെ മൂന്നംഗ യുഡിഎഫ് മത്സരത്തിൽ നിന്നു വിട്ടു നിന്നു.

News published by.Syamalayam gopalakrishnan