ന്യൂഡൽഹി: ദേശീയ തലത്തിൽ നടക്കുന്ന യൂത്ത് പാർലമെന്റ് ഫെസ്റ്റിന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തിലെ രണ്ടാമത്തെ ഫെസ്റ്റാണ് നടക്കുന്നത്. കൊറോണ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പരിപാടി നടക്കുന്നത്.
സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത പ്രതിനിധികളടങ്ങുന്നവരാണ് പരിപാടിയിൽ പങ്കെടുക്കുക. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാനമന്ത്രി യുമായി നേരിട്ട് സംവദിക്കാനവസരം ലഭിക്കും.
രാജ്യത്തെ 18നും 25നും വയസ്സിനുള്ളിലുള്ള യുവത്വത്തിന്റെ അഭിപ്രായങ്ങൾ കേൾക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പൊതുഭരണത്തിന് അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് പരിപാടി. 2017ലെ പ്രധാനമന്ത്രിയുടെ മൻ കീ ബാതിലെ സന്ദേശം ഉൾക്കൊണ്ടാണ് യൂത്ത് പാർലമെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. 2019ൽ 88000 പേരാണ് പങ്കെടുത്തത്. ഇത്തവണത്തെ യൂത്ത് പാർലമെന്റിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മാത്രം വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിലായി 2.34ലക്ഷം പേരാണ് പങ്കെടുത്തത്.