കാപിറ്റല്‍ ഹില്‍ കലാപത്തിനു പിറകെ, നിയുക്ത പ്രസിഡന്റ് ജോ ബൈഡന് സ്ഥാനമേല്‍ക്കുന്ന ജനുവരി 20 വരെ യുഎസില്‍ ട്രംപ് അനുകൂലികളായ വലതുപക്ഷ തീവ്രവാദികള്‍ സായുധകലാപം നടത്തിയേക്കുമെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയുടെ മുന്നറിയിപ്പ്.
വാഷിങ്ടണ്‍ ഡിസിക്കു പുറമെ 50 സംസ്ഥാന തലസ്ഥാനത്തും കലാപത്തിനുള്ള തയാറെടുപ്പിലാണെന്നാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്.ബി.ഐയുടെ റിപ്പേര്‍ട്ടില്‍ പറയുന്നത്. എഫ്.ബി.ഐ മുന്നറിയിപ്പ് പുറത്തുവന്നതോടെ ജനുവരി 24 വരെ തലസ്ഥാനമായ വാഷിങ്ടണില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ശൃംഖല വഴിയാണ് ട്രംപ് അനുകൂല തീവ്രവാദികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയത്.
ജനുവരി 16 മുതല്‍ 20 വരെ കലാപം നടത്താനാണ് ആഹ്വാനമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ കാപിറ്റല്‍ മന്ദിരത്തിനു പുറത്ത് സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കത്തിലാണ് ബൈഡന്. ഇക്കാര്യത്തില്‍ ഭയമൊന്നുമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതിനിടെ, ഹോം ലാന്‍ഡ് സുരക്ഷാസേനയുടെ ആക്ടിങ് സെക്രട്ടറി ചാഡ് വോള്‍ഫ് രാജിവെച്ചു. പീറ്റര്‍ ഗയ്നോര്ക്കാണ് പകരം ചുമതല.