Home ഇന്ത്യരാഷ്ട്രീയം ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് നീങ്ങുമ്പോൾ സീറ്റ് വിഭജനം കീറാമുട്ടിയാകും

ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് നീങ്ങുമ്പോൾ സീറ്റ് വിഭജനം കീറാമുട്ടിയാകും

by Web Desk

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിനെ പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും എത്തിയതോടെ ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ്എം സ്റ്റിയറിംഗ് കമ്മറ്റി യോഗം രാഷ്ട്രീയ നിലപാട് സംബന്ധിച്ച വ്യക്തമായ തീരുമാനത്തിലേക്ക് നീങ്ങും. കഴിഞ്ഞ മൂന്നു ദിവസമായി ഡല്‍ഹിയിലുളള ജോസ് കെ മാണി എംപി നാട്ടിലേക്ക് തിരിച്ചു. കുട്ടനാട് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്ന കാര്യം ചർച്ച ചെയ്യാനാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുന്നതെങ്കിലും മുന്നണി പ്രവേശം തന്നെയാണ് പ്രധാന വിഷയം. ഒപ്പം രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘനം  നടത്തിയ പി ജെ ജോസഫ് അടക്കമുള്ള നേതാക്കൾക്കെതിരെ അയോഗ്യത നീക്കം നടത്താനും യോഗം തീരുമാനിക്കും.ഇന്ന് കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന യോഗത്തില്‍ കഴിയുന്നത്ര സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍ നേരിട്ട് തന്നെ പങ്കെടുക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു പ്രതിനിധികളെ ഓണ്‍ലൈനായി പങ്കെടുപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് യോഗം നിര്‍ണായകമാണെന്ന സൂചന നല്‍കുന്നുണ്ട്. പാര്‍ട്ടി ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പടെ 69 പേരാണ് സമിതിയിലുളളത്. യോഗം തീരുമാനം എടുക്കുകയോ അതില്‍ അന്തിമ തീരുമാനത്തിനും ചര്‍ച്ചകള്‍ക്കുമായി നേതാക്കളെ ചുമതലപ്പെടുത്തുകയോ ചെയ്യാം. നിലവിൽ പി.ജെ ജോസഫ് വിഭാഗത്തിലുള്ള സിഎഫ് തോമസ് അടക്കമുളള നേതാക്കളും യോഗത്തിനെത്താനുളള സാധ്യതയും തള്ളിക്കളയാനാവില്ല.പിണറായിയും കോടിയേരിയും നിലപാട് വ്യക്തമാക്കിയതോടെ നിലവിൽ ഇടതുമുന്നണിയിലേക്കുളള ചവിട്ടുപടികൾ കയറാൻ കേരള കോണ്‍ഗ്രസ് എമ്മിന് ദൃഢതയുള്ള കൈവരി ലഭിച്ചിട്ടുണ്ട്. ജോസ് വിഭാഗവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ആര്‍എസ്പി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ യുഡിഎഫും വാതിലടച്ചിട്ടില്ലെന്ന് വ്യക്തം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും സമീപിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിനെ ദുര്‍ബലമാക്കാനുളള ഒരവസരവും ഇടതുമുന്നണി പാഴാക്കില്ല. മുന്നണിയുടെ ആരംഭം മുതലുളള കക്ഷിയെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ എല്‍ഡിഎഫിലെത്തിച്ചാല്‍ അത് യുഡിഎഫിന് പ്രഹരമാകുമെന്ന് തന്നെയാണ് ഇടതു കണക്കുകൂട്ടല്‍. അതേ സമയം സ്വര്‍ണക്കടത്തും, ബിനീഷ് കോടിയേരി വിവാദവും മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട ഇടതുമുന്നണിയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും ജോസ് കെ മാണിക്ക് അത് നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ എന്നുമാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.കേരള കോണ്‍ഗ്രസിനെ മുന്നണികള്‍ സ്വാഗതം ചെയ്യുമ്പോഴും സീറ്റ് നിര്‍ണയമാണ് അടുത്ത പ്രതിസന്ധി ഇടതു പാളയത്തില്‍ പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ജോസ് കെ മാണി തിരികെ എത്തിയാല്‍ സീറ്റിന്റെ കാര്യത്തില്‍ ജോസഫിനെ പിണക്കേണ്ടി വരും എന്നതാണ് യുഡിഎഫിന് മുന്നിലെ കീറാമുട്ടി. കുട്ടനാട്ടില്‍ ആര് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കും എന്നത് കേരള കോണ്‍ഗ്രസില്‍ തന്നെ തര്‍ക്ക വിഷയമാണ്. പാര്‍ട്ടിയും ചിഹ്നവും ആരുടേതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ പി ജെ ജോസഫ് രണ്ടില ചിഹ്നത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരില്‍ നോമിനേഷന്‍ കൊടുക്കട്ടെയെന്നാണ് ഇവരുടെ വെല്ലുവിളി. ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് അനുവദിച്ചിട്ടില്ലെന്നാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ജോസഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.അതേസമയം ജോസിനെ മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇടത്‌ വലത് മുന്നണികളിൽ തകൃതിയായി നടക്കുമ്പോഴും ഘടകകക്ഷികളില്‍ അതൃപ്തി പുകയുന്നുണ്ട്. യുഡിഫ് പ്രവേശനം സംബന്ധിച്ച നീക്കങ്ങൾ ഉണ്ടെങ്കിലും എൽഡിഎഫ് നോട് അടുക്കാൻ ജോസ് ലക്ഷ്യമിടുമ്പോൾ എല്‍ഡിഎഫില്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ അതൃപ്തി വ്യക്തമായി വരികയാണ്. ഈ ഉപതെരഞ്ഞെടുപ്പിനപ്പുറം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റുവിഭജനം കൂടി മുന്നില്‍ കണ്ടാണ് അവരുടെ നീക്കം. ഇടതു മുന്നണിയിലേക്ക് ജോസ് എത്തുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പാലാ കുട്ടനാട് സീറ്റുകള്‍ മോഹിച്ച് ആരും വരണ്ടന്ന് എന്‍സിപി പറഞ്ഞുകഴിഞ്ഞു.യുഡിഎഫ് ജോസ് കെ മാണിയോടിപ്പോൾ മൃദുസമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും തല്‍കാലം വേണ്ടെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കൾ. മുസ്‌ലിം ലീഗിനും ജോസ് യുഡിഎഫിലെത്തുന്നതില്‍ താല്‍പര്യം ഉണ്ട്. പക്ഷേ സീറ്റുകളിൽ തീരുമാനമെടുക്കുമ്പോള്‍ ജോസഫിനെ പിണക്കേണ്ടി വരും എന്നതാണ് യുഡിഎഫിനെ കുഴക്കുന്നത്. എന്തായാലും കഴിഞ്ഞ രണ്ടു ദിവസമായി രാജ്യ തലസ്ഥാനത്തായിരുന്ന ജോസ് കെ മാണി ഇക്കാര്യത്തിലുളള നേതൃതല ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കി വ്യക്തമായ നിലപാടോടെയായിരിക്കും യോഗത്തിനെത്തുക.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: