പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ കർഷകനായ പി.പി. മത്തായി (പൊന്നു – 41) കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ യുവാവ് സിബിഐ കസ്റ്റഡിയിൽ.
മത്തായിയുടെ സുഹൃത്തെന്ന പേരിൽ വനപാലകരുമായി ഇടപെടൽ നടത്തിയ അരുണിനെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്.
മത്തായിയുടെ മണിയാറിലെ വീട് വനംവകുപ്പു സംഘത്തിനു കാണിച്ചു കൊടുത്തത് അരുണാണ്. മത്തായിയെ വനപാലകർ ചോദ്യം ചെയ്യുന്നതിനായി വനത്തിനുള്ളിൽ കൊണ്ടുപോയപ്പോഴും തുടർന്ന് പുറത്തുവിട്ട ചിത്രങ്ങളിലുമെല്ലാം അരുണ്‍ ഉണ്ടായിരുന്നു. സംഭവങ്ങളുടെ ദൃക്സാക്ഷിയെന്ന നിലയിലാണ് അരുണിനെ ചോദ്യം ചെയ്യുന്നത്.
മത്തായിയെ കസ്റ്റഡിയിലെടുത്ത വിവരവും മോചനത്തിനായി പണം ആവശ്യപ്പെട്ട് ഭാര്യ ഷീബാമോളെ വിളിച്ചറിയിച്ചതും അരുണിന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന അരുണിനെ കഴിഞ്ഞദിവസമാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. അരുണിനൊപ്പം ഒളിവിൽപോയ മറ്റൊരു സുഹൃത്തിനെക്കൂടി കണ്ടെത്താനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അരുണിനെ മത്തായിയുടെ വീട്ടിലും മൃതദേഹം കിടന്ന കിണറിനരികിലും എത്തിച്ചിരുന്നു.
കുടപ്പന വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മത്തായിയെ കഴിഞ്ഞ ജൂലൈ 28നാണ് മത്തായിയെ വനപാലകസംഘം കസ്റ്റഡിയിലെടുത്തത്.
പിന്നീട് ഇദ്ദേഹത്തെ കുടപ്പനക്കുളത്തെ കുടുംബ വീടിനു സമീപമുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
40 ദിവസത്തോളം കുടുംബം നടത്തിയ പോരാട്ടത്തിനൊടുവിൽ കേസ് സിബിഐ ഏറ്റെടുക്കുകയും മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടാമത് പോസ്റ്റുമോർട്ടം നടത്തുകയും ചെയ്ത ശേഷമാണ് സംസ്കരിച്ചത്.
VP Prasad