റാന്നി: കോവിഡ് 19നെ തോല്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട റാന്നി ഐത്തല പട്ടയില്‍ ഏബ്രഹാം തോമസ്(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് തോമസിനും കുടുംബാംഗങ്ങള്‍ക്കുമായിരുന്നു.
93ാം വയസ്സിലും കോവിഡിനെ അദ്ഭുതകരമായ അതിജീവിച്ച ഏബ്രഹാം തോമസ് ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. കോവിഡ് മുക്തനായി എട്ടു മാസത്തിനുശേഷമാണ് മരണം.
ഇറ്റലിയില്‍നിന്ന് നാട്ടിലെത്തിയ ഏബ്രഹാം തോമസിനും ഭാര്യക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും മാര്‍ച്ച് എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ഏബ്രഹാം തോമസിനെയും ഭാര്യയെയും ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ പലതവണ ഇരുവരുടെയും നില ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു. എന്നാല്‍ 27 ദിവസത്തെ ചികിത്സയ്ക്കു ശേഷം കോവിഡിനെ തോല്പിച്ച് ഏപ്രില്‍ മൂന്നിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് രോഗമുക്തി നേടി ഇദ്ദേഹവും ഭാര്യയും വീട്ടിലേക്ക് മടങ്ങിയത്.
മറിയാമ്മയാണ് ഭാര്യ. മക്കള്‍: ജോസ്, വത്സമ്മ, മോന്‍സി(ഇറ്റലി), പരേതനായ കുഞ്ഞുമോന് മരുമക്കള്‍: ഓമന, ജെയിംസ്, രമണി(ഇറ്റലി). ശവസംസ്കാരം വെള്ളിയാഴ്ച 10ന് ഐത്തല സെന്റ് കുറിയാക്കോസ് പള്ളി സെമിത്തേരിയില്‍.