പത്തനംതിട്ട: സി.പി.എം കോന്നി മുൻ ലോക്കൽ സെക്രട്ടറി ഓമനക്കുട്ടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ചരിവുകാലയിലെ വീടിനോട് ചേർന്ന് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഓമനക്കുട്ടന്റെ ആത്മഹത്യക്ക് കാരണം പാർട്ടിയാണെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ മാധ്യമങ്ങളോട്പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോന്നി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ദിവസങ്ങൾക്ക് മുമ്പ് ഓമനക്കുട്ടനെ സി.പി.എം പ്രവർത്തകർ തടഞ്ഞുനിർത്തി മർദ്ദിക്കാൻ ഒരുങ്ങിയിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. പാർട്ടിക്കാർ തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയാണെന്ന് ഓമനക്കുട്ടൻ പറഞ്ഞിരുന്നുവെന്നും ഭാര്യ പറഞ്ഞു.
പാർട്ടി സ്ഥാനാർഥി തോറ്റതിന് പ്രധാനകാരണം ഓമനക്കുട്ടനാണെന്ന് ചില പാർട്ടി നേതാക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഭർത്താവ് ഒന്നുംമിണ്ടാതെ മുറിയിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോന്നി ഏരിയാ സെക്രട്ടറിയെ നേരിൽകണ്ട് കാലുപിടിച്ചിരുന്നു. തന്റെ ഭർത്താവ് അറിയാത്ത കാര്യങ്ങൾക്കാണ് പാർട്ടി പ്രവർത്തകർ കുറ്റപ്പെടുത്തിയതെന്നും രാധ പറഞ്ഞു.
അതേസമയം പാർട്ടിക്കെതിരേയുള്ള കുടുംബത്തിന്റെ ആരോപണങ്ങൾ കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ നിഷേധിച്ചു. പ്രാദേശിക പാർട്ടി നേതൃത്വവും ഓമനക്കുട്ടനുമായി എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതായി തന്റെ അറിവിലില്ലെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനും ഭാര്യയും തന്നെവന്നു കണ്ടിരുന്നു. വിഷയത്തിലെ നിജസ്ഥിതി പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ശ്യാംലാൽ വ്യക്തമാക്കി.
VP Prasad