Home കേരളം കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെവി തോമസ് യുഡിഎഫ് വിട്ടേക്കുമെന്ന് സൂചന.

കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെവി തോമസ് യുഡിഎഫ് വിട്ടേക്കുമെന്ന് സൂചന.

by etodaymalayalam

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെവി തോമസ് യുഡിഎഫ് വിട്ടേക്കുമെന്ന് സൂചന. വാഗ്ദാനം ചെയ്തിരുന്ന പാര്‍ട്ടി പദവിയും നല്‍കാതായതോടെയാണ് കെവി തോമസ് പടിയിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ജനുവരി 28ന് മറുപടി നല്‍കാമെന്നാണ് മാധ്യമങ്ങളോട് കെവി തോമസിന്റെ പ്രതികരണം.

കോണ്‍ഗ്രസ് വിട്ട് തോമസ് എല്‍ഡിഎഫിന്റെ ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് ആക്കം കൂടുന്നുണ്ട്. എല്‍ഡിഎഫ് സ്വതന്ത്രനായി കെവി തോമസ് എറണാകുളത്ത് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണോ നടക്കുന്നതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ മാസം 28ന് മാധ്യമങ്ങളെ കാണും എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാമെന്നായിരുന്നു കെവി തോമസിന്റെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതാവട്ടെ ഹൈബി ഈഡനും. സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണമെന്നും ഇതിന് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് മാനദണ്ഡങ്ങളുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാന്‍ മാനദണ്ഡം കൊണ്ടുവരരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: