Home ആരോഗ്യം കൊറോണ വൈറസ് വുഹാൻ ലാബിൽ നിർമ്മിച്ചതെന്നു ചൈനീസ് ഗവേഷക ഡോ. ലീ മെങ് യാന്‍

കൊറോണ വൈറസ് വുഹാൻ ലാബിൽ നിർമ്മിച്ചതെന്നു ചൈനീസ് ഗവേഷക ഡോ. ലീ മെങ് യാന്‍

by Sruthi Bhat Kadambery

വാഷിംഗ്ടൺ: കോവിഡ് 19 പരത്തിയ കൊറോണ വൈറസ് ചൈനീസ് സർക്കാരിൻ്റെ വുഹാൻ ലാബിൽ നിർമ്മിച്ചതാണെന്നതിനു ശാസ്ത്രീയ തെളിവുകളുണ്ടെന്നു ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെങ് യാൻ. ഈ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ലൂസ് വുമൺ എന്ന ബ്രിട്ടീഷ് ടോക്ക് ഷോയിൽ അവർ വെളിപ്പെടുത്തി.

വൈറസ് വ്യാപനത്തെക്കുറിച്ചു ചൈനീസ് സർക്കാരിന് നേരത്തേ തന്നെ പൂർണ്ണമായി അറിവുണ്ടായിരുന്നു. എന്നാലിതു മൂടിവെയ്ക്കുകയാണു സർക്കാർ ചെയ്തത്. ചൈനീസ് സീഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന റിപ്പോർട്ട് യാഥാർത്ഥ്യം മറച്ചുവെയ്ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നു. വൈറസ് സ്വാഭാവികമായി ഉണ്ടായതല്ല, മനുഷ്യനിർമിതമാണ്. എന്താണു സത്യമെന്ന് ലോകത്തോടു തുറന്നുപറയുമെന്നും അല്ലെങ്കിൽ തനിക്കു കുറ്റബോധമാണുണ്ടാവുകയെന്നും ലീ പറഞ്ഞു.

ഹോങ്കോംഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ജോലി ചെയ്തിരുന്ന ഡോ. ലീ കഴിഞ്ഞ ഒരു വർഷമായി കൊറോണ വൈറസിനേപ്പറ്റിയുള്ള ഗവേഷണത്തിലായിരുന്നു. വൈറസ് മനുഷ്യനിർമ്മിതമാണെന്നു കണ്ടെത്തിയതോടെ വെല്ലുവിളികളും സുരക്ഷാപ്രശ്നങ്ങളുമുണ്ടായി. ഇതാണു യുഎസിലേക്കു രക്ഷപ്പെടാൻ കാരണം. യുഎസിൽ താനെത്തിയതിനു പിന്നാലെ താനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചൈനീസ് ഭരണകൂടം നശിപ്പിച്ചതായും, താൻ നുണപ്രചാരണം നടത്തുകയാണെന്നു പ്രചരിപ്പിക്കാൻ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും ലീ പറഞ്ഞു.

ഡിസംബറിനും ജനുവരിക്കും ഇടയിൽ രണ്ടു ഗവേഷണങ്ങളാണു ലീ നടത്തിയത്. വൈറസ് ഉത്ഭവത്തേക്കുറിച്ചുള്ള കണ്ടെത്തലുകൾക്കു ചൈനീസ് സർക്കാരിന്റേയും ലോകാരോഗ്യ സംഘടനയുടേയും അംഗീകാരം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിശബ്ദയായിരിക്കാനാണു ലീയോടു മുതിർന്ന ഗവേഷകർ നിർദേശിച്ചത്. വിവരം പുറത്തുവിട്ടാൽ അത് അപകടമാണെന്ന് അവർ പറഞ്ഞതായും ലീ പറയുന്നു.

ജനുവരിയിൽത്തന്നെ ലീ നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പടരാൻ തുടങ്ങിയെന്നും, ഇക്കാര്യം ചൈനീസ് സർക്കാർ മറച്ചുവെയ്ക്കുന്നുവെന്നും, വൈറസ് അതിവിനാശകാരിയാണെന്നും വലിയ വ്യാപനം ഉണ്ടാവുമെന്നുമാണ് അന്നു ലീ പറഞ്ഞത്.

ജനുവരി മുതൽ താനും ഒപ്പമുള്ള ഗവേഷക സംഘവും വൈറസ് പഠനം തുടരുകയാണെന്നും തന്റെ കണ്ടെത്തലുകൾ ശാസ്ത്രീയ തെളിവുകളോടെ ഉടൻ പ്രസിദ്ധീകരിക്കുമെന്നും ലീ അറിയിച്ചു. ജീനോം സീക്വൻസിംഗിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രം അറിയാത്തവർക്കു പോലും മനസിലാകുന്ന വിധത്തിൽ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കുമെന്നും ഡോ. ലീ പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: