Home Breaking News ഒറാക്കിൾ- ടിക് ടോക് പങ്കാളിത്തം: നിർദേശം യുഎസ് സർക്കാരിനു മുന്നിൽ

ഒറാക്കിൾ- ടിക് ടോക് പങ്കാളിത്തം: നിർദേശം യുഎസ് സർക്കാരിനു മുന്നിൽ

by Web Desk

വാഷിങ്ടൺ: ജനപ്രിയ ചൈനീസ് സോഷ്യൽ മീഡിയ ആപ് ടിക് ടോക്കിൽ ഒറാക്കിളിന്‍റെ പങ്കാളിത്തം സംബന്ധിച്ച നിർദേശം യുഎസ് സർക്കാരിനു മുന്നിൽ സമർപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ അനുമതിയോടെയാവും ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാവുക. ഒറാക്കിളുമായി സാങ്കേതിക രംഗത്തുള്ള പങ്കാളിത്തം എന്നാണ് ടിക് ടോക്കിന്‍റെ ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് പറയുന്നത്. ഇത് യുഎസ് ഭരണകൂടത്തിനു സ്വീകാര്യമാവുമോ എന്നു വ്യക്തമായിട്ടില്ല. സാങ്കേതിക പങ്കാളിത്തം എന്നതു കൊണ്ട് എന്താണ് അർഥം വയ്ക്കുന്നതെന്നും വ്യക്തമാവാനിരിക്കുന്നു.

സെപ്റ്റംബർ 20നു മുൻപ് യുഎസിലെ ടിക് ടോക്കിന്‍റെ പ്രവർത്തനങ്ങൾ അമെരിക്കൻ കമ്പനിക്കു വിൽക്കണമെന്നാണ് പ്രസിഡന്‍റ് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം. അതല്ലെങ്കിൽ ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക് ടോക്കിന്‍റെ യുഎസിലെ പ്രവർത്തനം നിരോധിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് ട്രംപ്. യുഎസിലെ ടിക് ടോക്കിനെ സ്വന്തമാക്കാൻ ആദ്യം രംഗത്തുവന്ന മൈക്രോസോഫ്റ്റിനെ തള്ളിയാണ് ബൈറ്റ്ഡാൻസ് ഒറാക്കിളിനെ തെരഞ്ഞെടുത്തത്. ഇടപാടു സംബന്ധിച്ച വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ല.

യുഎസ് ട്രഷറി വിഭാഗത്തിന് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് ടിക് ടോക് വെളിപ്പെടുത്തി. ഭരണകൂടത്തിന്‍റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ പര്യാപ്തമാണ് ഈ നിർദേശമെന്നും ടിക് ടോക് അവകാശപ്പെടുന്നു. യുഎസിൽ 10 കോടി ആളുകൾ ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. അവർക്ക് തുടർന്നും അത് ഉപയോഗിക്കാൻ കഴിയുമെന്നാണു കരുതുന്നതെന്നും ടിക് ടോക്.

സാങ്കേതിക മേഖലയിൽ തങ്ങളുടെ വിശ്വസ്തരായ പങ്കാളികളായിരിക്കും ഒറാക്കിൾ എന്നാണ് ടിക് ടോക് അവകാശപ്പെടുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെടുത്തി വിദേശ കൈമാറ്റങ്ങൾ പരിശോധിക്കുന്ന സമിതി ഇടപാട് വിലയിരുത്തും. അതിനു ശേഷമേ അന്തിമ ക്ലിയറൻസ് നൽകൂ എന്നാണു ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ടിക് ടോക്കുമായി സഹകരിക്കാൻ തയാറായിട്ടുണ്ടെന്ന് ഒറാക്കിൾ സ്ഥിരീകരിച്ചു. എന്നാൽ, വിശദാംശങ്ങൾ അവരും വ്യക്തമാക്കിയിട്ടില്ല.

 

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: