ചെന്നൈ: വിമാനത്താവളത്തിൽവച്ച് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥയോട് ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ തന്നോട് താൻ ഇന്ത്യക്കാരിയാണോയെന്ന് ചോദിച്ചതായി ഡിഎംകെ എംപി കനിമൊഴി.
“ഇന്ന് വിമാനത്താവളത്തിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥ എന്നോട് ചോദിച്ചു,’ഞാൻ ഒരു ഇന്ത്യക്കാരിയാണോ ‘എന്ന്. ഹിന്ദി അറിയാത്തതിനാൽ എന്നോട് തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ ഞാൻ ആവശ്യപ്പെട്ടപ്പോളാണ് അത്,”കനി മൊഴി ട്വീറ്റ് ചെയ്തു.
“ഇന്ത്യൻ ആവുക എന്നതും ഹിന്ദി അറിയുക എന്നതും തുല്യമായത് എന്ന് മുതലാണെന്ന് ഞാൻ അറിയാൻ ആഗ്രഹിക്കുന്നു. #ഹിന്ദി ഇംപോസിഷൻ, ” ഡിഎംകെയുടെ വനിതാ വിഭാഗം സെക്രട്ടറി കൂടിയായ കനിമൊഴി ട്വീറ്റ് ചെയ്തു.
ശിവഗംഗ എംപി കാർത്തി ചിദംബരം ഉൾപ്പെടെ നിരവധിപേർ സോഷ്യൽ മീഡിയയിൽ കനിമൊഴിക്ക് പിന്തുണ അറിയിച്ചു. “തികച്ചും പരിഹാസ്യമാണ്. വളരെ അപലപനീയമാണ്. ഒരു ഭാഷാപരമായ പരിശോധന, അടുത്തത് എന്താണ്? സിഐഎസ്എഫ് പ്രതികരിക്കണം! ” കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.
ഹിന്ദി, സംസ്കൃതം എന്നിവ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) എന്ന് ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിൻ അടുത്തിടെ പറഞ്ഞിരുന്നു. “വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, സംസ്ഥാനങ്ങളുടെ ശേഷിക്കുന്ന അവകാശങ്ങൾ കേന്ദ്രം പിടിച്ചെടുക്കുകയും സിലബസ് മുതൽ സർവകലാശാല വരെയുള്ള നിയന്ത്രണങ്ങൾ (വശങ്ങൾ) കൈക്കലാക്കുകയും ചെയ്യും,” എന്നും സ്റ്റാലിൻ പറഞ്ഞു. “ഇത് ഇന്ത്യൻ ഭരണഘടന അടിവരയിടുന്ന ഫെഡറൽ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിൽ പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള കരട് റിപ്പോർട്ടിൽ അന്നത്തെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള ഒരു കമ്മിറ്റി, രാജ്യത്തൊട്ടാകെയുള്ള സ്കൂളുകളിൽ പത്താം തരം വരെ ഹിന്ദി നിർബന്ധിത ഭാഷയായി പഠിപ്പിക്കാൻ ശുപാർശ ചെയ്തതിനെത്തുടർന്നാണ് “ഹിന്ദി അടിച്ചേൽപ്പിക്കൽ” സംബന്ധിച്ച ചർച്ച ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എതിർപ്പ് നേരിട്ടതോടെ നിർബന്ധിതമായി ഹിന്ദി പഠിപ്പിക്കുന്നതിനുള്ള ചട്ടം ജൂൺ മാസത്തിലെ പുതുക്കിയ കരടിൽ കേന്ദ്രസർക്കാർ ഉപേക്ഷിച്ചിരുന്നു.
1 comment
[…] സംസ്ഥാനം […]