Home ആരോഗ്യംSex ആരോഗ്യപരമായി വായിലൂടെ (Oral) ഉള്ള ലൈഗിംക ബന്ധം ഇങ്ങനെയോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യപരമായി വായിലൂടെ (Oral) ഉള്ള ലൈഗിംക ബന്ധം ഇങ്ങനെയോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

by Web Desk

വദനസുരതം. പേരു സൂചിപ്പിക്കുന്നതു പോലെ വായയും അനുബന്ധ ഭാഗങ്ങളും ഉപയോഗിച്ച് ലൈംഗിക അവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രക്രിയയാണിത്. പല തെറ്റിദ്ധാരണകളും ഈ ലൈംഗിക രീതിയെ സംബന്ധിച്ചുണ്ട്. പല ലൈംഗികാരോഗ്യ സംഘടനകളും നടത്തിയ സര്‍വേകളില്‍ ഏതാണ്ട് 80 ശതമാനത്തിലേറെ കമിതാക്കളും ദമ്പതികളും ഇഷ്ടപ്പെടുന്ന ലൈംഗിക രീതികളില്‍ ഒന്നായി വദനസുരതത്തെ പരാമര്‍ശിച്ചിട്ടുണ്ട്. വദനാര്‍ബുദവും വായിലൂടെ പകരുന്ന മറ്റു രോഗങ്ങളും വര്‍ധിക്കുന്ന ഇക്കാലത്ത് വദനസുരതത്തെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. ഗര്‍ഭധാരണം ഉണ്ടാകുന്നില്ല എന്നതു കൊണ്ടും മറ്റു കുഴപ്പങ്ങളോ അസുഖങ്ങളോ ഉണ്ടാക്കുന്നില്ല എന്ന ധാരണകൊണ്ടും പലരും വദനസുരതത്തെ ലാഘവത്തോടെ കരുതാറുണ്ട്.

ഉപകാരപ്രദമായതോ അസുഖങ്ങള്‍ക്ക് കാരണമായതോ ആയ ബാക്ടീരിയ, വൈറസുകള്‍, പൂപ്പല്‍ രോഗങ്ങളുണ്ടാക്കുന്ന ഫംഗസുകള്‍ തുടങ്ങി അനേകതരം അണുക്കള്‍ നമ്മുടെ വായിലുണ്ട്. വായിലും ലൈംഗികാവയവങ്ങളിലും അണുബാധയുണ്ടാക്കുന്ന ഒരു വൈറസാണ് ഹെര്‍പ്പിസ്. വായ്പുണ്ണ് പോലെയുള്ള ഒരു തരം മുറിവാണ് ഇവ വായിലും ജനനേന്ദ്രിയത്തിലും ഉണ്ടാക്കുക. സാധാരണയായി ഹെര്‍പ്പിസ് അണുബാധ കാരണമുണ്ടാകുന്ന മുറിവ് പത്തു മുതല്‍ പതിനാലു വരെ  ദിവസം കൊണ്ട് ഉണ്ടാകാം. വായില്‍ ഹെര്‍പ്പിസ് അണുബാധയുള്ളപ്പോള്‍ വദനസുരതം നടത്തിയാല്‍ പങ്കാളിയുടെ ജനനേന്ദ്രിയത്തിലേക്ക് അണുബാധ പകരും. അതുപോലെ ജനനേന്ദ്രിയത്തില്‍ മുറിവുള്ള സമയത്ത് വദനസുരതത്തില്‍ ഏര്‍പ്പെട്ടാല്‍ വായില്‍ അണുബാധയുണ്ടാകാനും കാരണമാവും. വായ്പുണ്ണ്, വായിലെ മുറിവുകള്‍, മോണരോഗത്തിന്റെ ഫലമായി മോണ വീര്‍ത്ത് പഴുത്ത അവസ്ഥ, മോണയില്‍ പഴുപ്പ് ഇടയ്ക്കിടെ കെട്ടിക്കിടക്കുന്ന അവസ്ഥ ഈ സന്ദര്‍ഭങ്ങളിലൊക്കെ വദന സുരതം ഒഴിവാക്കണം.

മറ്റൊരു പ്രധാന സംശയം വദനസുരതം വഴി എച്ച്‌ഐവി അണുബാധ അതായത് എയ്ഡ്‌സ് പകരുമോ എന്നതാണ്. സാധാരണ ആരോഗ്യമുള്ള ഒരു വായില്‍ ഉമിനീര്‍ വഴി എയ്ഡ്‌സ് പകരാന്‍ സാധ്യത കുറവാണ്. നമ്മുടെ ഉമിനീരിലുള്ള ചില രാസവസ്തുക്കള്‍ വൈറസുകളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. എന്നാല്‍ നേരത്തെ പറഞ്ഞതു പോലെ വായില്‍ അണുബാധയോ മുറിവുകളോ ഉള്ള അവസ്ഥയിലും ഉമിനീരിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന വേളയിലും വൈറസിനെ നശിപ്പിക്കാനുള്ള കഴിവ് കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ മറ്റു ചില ഘടകങ്ങളും പങ്കു വഹിക്കുന്നു. നിങ്ങളുടെ ലൈംഗിക ജീവിതം ഒറ്റ പങ്കാളിയുമായാണെങ്കില്‍ അധികം പേടിക്കേണ്ടതില്ല. എന്നാല്‍ ഒന്നിലധികം പങ്കാളികളുമായി വദനസുരതത്തിലേര്‍പ്പെടുന്നവര്‍ വായില്‍ അണുബാധയുള്ള അവസ്ഥയിലും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന വേളയിലും ഇത്തരം ലൈംഗികരീതി കുറച്ചു നാളത്തേക്ക് ഒഴിവാക്കുന്നതാണ് അഭികാമ്യം.

വദനാര്‍ബുദവും സ്ത്രീകളില്‍ ഗര്‍ഭാശയഗള അര്‍ബുദവും ഉണ്ടാക്കുന്ന പാപ്പിലോമ വൈറസുകളും വായില്‍ മുറിവുകളും അണുബാധയും ഉള്ള സമയത്ത് പകരാന്‍ കാരണമാവുന്നു എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ വായിലോ ജനനേന്ദ്രിയത്തിലോ മുറിവുകളോ പഴുപ്പോ മറ്റസുഖങ്ങളോ ഉള്ള സമയം വദനസുരതം ഒഴിവാക്കുക. സ്വവര്‍ഗരതിക്കാര്‍ ഗുദപാനം ചെയ്യുന്നത് അണുക്കളുമായി സംസര്‍ഗ്ഗം വരുന്നതിന് കാരണമാകുന്നു. ഗുദഭാഗത്ത് മുറിവുകള്‍ ഉണ്ടെങ്കില്‍ ഈ രീതി ഒഴിവാക്കുന്നതാണ് നല്ലത്.

Readmore. കൊറോണക്കാലത്തെ ലൈംഗികത; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ.

സ്ഖലനത്തിനു മുമ്പ് വദനസുരതം നിര്‍ത്തുന്നവര്‍ക്ക് അണുബാധാ സാധ്യത കുറവാണെന്നു പറയാം. ആരോഗ്യകരമായ വദനസുരതത്തിന് ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ അത് ആനന്ദദായകവും ഉത്കണ്ഠാരഹിതവും ആക്കാം. ആദ്യം ശ്രദ്ധിക്കേണ്ടത് വദനസുരതം കഴിഞ്ഞയുടന്‍ വായയും ലൈംഗികാവയവങ്ങളും കഴുകി വൃത്തിയാക്കണം. ലൈംഗികാവയവങ്ങളില്‍ ലൈംഗിക ബന്ധത്തിന് മുമ്പ് ഉറ ധരിക്കുന്നതു പോലെ വദനസുരതം ചെയ്യുന്ന വേളയിലും ലിംഗത്തിലോ യോനീമുഖത്തോ ഉറ ധരിച്ചാല്‍ ഒരു പരിധി വരെ അണുബാധയും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കാം.

മറ്റൊരു രീതി വായില്‍ ധരിക്കാവുന്ന തരം ഡെന്റല്‍ ഡാമുകളാണ്. സാധാരണ പല്ലടയ്ക്കുമ്പോള്‍ ഉമിനീരിന്റെ തടസ്സം ഉണ്ടാവാതിരിക്കാന്‍ ദന്ത ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നതാണ് റബര്‍ ഡാമുകള്‍. ഇവയോ വദനസുരതത്തിനായുള്ള പ്രത്യേക തരം ഡാമുകളോ ഉപയോഗിക്കാം. ഇത് ഉറ പോലെ തന്നെ റബറിലുള്ള ഒരു തരം ഷീറ്റാണ്. ഉറ വേണമെങ്കിലും നെടുകെ മുറിച്ച് അതിനെ നിവര്‍ത്തി വായില്‍ വച്ച് ഉപയോഗിക്കാം. അതുമല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകളും യഥാവിധി മുറിച്ചെടുത്ത് ഉപയോഗിക്കാം. എന്നാല്‍ കട്ടി കൂടിയ വസ്തുക്കള്‍ ഈ പ്രക്രിയയുടെ സുഖം നഷ്ടപ്പെടുത്തിയേക്കാം. അതിനാല്‍ കട്ടി കുറഞ്ഞ റബര്‍ ഡെന്റല്‍ ഡാമുകള്‍ തന്നെയാണ് ഏറ്റവും അഭികാമ്യം. സാധാരണ ഉറകളില്‍ കാണപ്പെടുന്നത് പോലെ തന്നെ ഈ ഡാമുകളും പല തരം രുചികളിലും മണത്തിലും വിപണിയില്‍ ലഭ്യമാണ്.

വദനസുരതത്തിന് ഡെന്റല്‍ ഡാമുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

ചെയ്യേണ്ടവ

 1. ഓരോ തവണയും പുതിയ ഡെന്റല്‍ ഡാം ഉപയോഗിക്കുക. ലാറ്റക്‌സ് അലര്‍ജി ഉള്ളവര്‍ക്കായി പോളി യൂറിത്തേല്‍ ഡാമുകളും ലഭ്യമാണ്.
 2. ഉപയോഗിക്കുന്നതിനു മുമ്പ് പാക്കറ്റിലുള്ള നിര്‍ദേശങ്ങള്‍, നിര്‍മിച്ച തീയതി, പഴകുന്ന തീയതി എന്നിവ നോക്കുക.
 3. റബര്‍ ഡാമില്‍ കീറലുകളോ ദ്വാരങ്ങളോ ഇല്ലെന്ന് ഉറപ്പു വരുത്തുക.
 4. വദനസുരതത്തിന് തൊട്ടു മുമ്പ് ഇത് ധരിക്കുക. ഈ പ്രക്രിയ തീരുന്നതു വരെ ഇത് വായില്‍ നില നിര്‍ത്തുക.
 5. വെള്ളത്തില്‍ ലയിക്കുന്ന ലൂബ്രിക്കേറ്റിങ് ജെല്ലുകള്‍ ഒപ്പം ഉപയോഗിക്കാന്‍ ശ്രമിക്കുക.
 6. എപ്പോഴും ഈര്‍പ്പമില്ലാത്ത, അധികം നേരിട്ട് സൂര്യപ്രകാശമേല്‍ക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക.

ചെയ്യാന്‍ പാടില്ലാത്തവ

 1. ഉപയോഗിച്ച ഡാം വീണ്ടും ഉപയോഗിക്കരുത്.
 2. ഒത്തിരി മര്‍ദ്ദം കൊടുത്ത് വലിച്ചു നീട്ടരുത്. അത് ഡാമില്‍ കീറലോ വിള്ളലുകളോ വീഴ്ത്തും.
 3. നോണ്‍ ഓക്‌സിനോള്‍ പോലുള്ള രാസ പദാര്‍ഥങ്ങള്‍ ഒപ്പം ഉപയോഗിക്കാതിരിക്കുക.
 4. എണ്ണമയമുള്ള ലൂബ്രിക്കേഷന്‍ ജെല്ലുകള്‍ (ഉദാ: വാസ്ലിന്‍, ലോഷനുകള്‍, ബേബി ഓയിലുകള്‍) തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. ഇത് ഡാം വേഗത്തില്‍ വഴുതിപ്പോകാന്‍ കാരണമാകും.
 5. ഉപയോഗം കഴിഞ്ഞ ഡാമുകള്‍ ഒരിക്കലും ടോയ്ലറ്റുകളില്‍ ഉപേക്ഷിക്കരുത്. ഫ്‌ലഷ് ചെയ്ത് കളയാന്‍ ബുദ്ധിമുട്ടാകും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: